Site iconSite icon Janayugom Online

കേരളത്തെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന കേരളീയം എല്ലാ വർഷവും

pinarayi vijayanpinarayi vijayan

ലോകോത്തര കേരളത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന ‘കേരളീയം’ പരിപാടി എല്ലാ വർഷവും നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘ആദ്യമായി ഈ വർഷം നവംബർ ഒന്ന് മുതൽ ഏഴ് വരെ നടത്തുന്ന കേരളീയം-2023 മഹത്തും ബൃഹത്തുമായ സാംസ്കാരിക ഉത്സവമായിരിക്കും. കേരളത്തെ അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം.
എല്ലാ വർഷവും അതത് വർഷത്തെ അടയാളപ്പെടുത്തുന്ന വിധം കേരളീയം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും കേരളീയം-2023 സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. കേരളപ്പിറവി ദിനം മുതൽ ഒരാഴ്ചക്കാലം തലസ്ഥാന നഗരിയിൽ നടക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായി വൈകുന്നേരങ്ങളിൽ കിഴക്കേക്കോട്ട മുതൽ കവടിയാർ വരെ വാഹന ഗതാഗതം ഉണ്ടാവില്ല. 60 വേദികളിലായി 35 ഓളം പ്രദർശനങ്ങൾ ഇവിടെ അരങ്ങേറും. ഈ വീഥി മുഴുവൻ ദീപങ്ങൾ കൊണ്ടു അലങ്കരിക്കും. വിവിധ രംഗങ്ങളിലെ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന സെമിനാറുകൾ, പ്രദർശനങ്ങൾ, ആറ് ട്രേഡ് ഫെയറുകൾ, അഞ്ചു വ്യത്യസ്ത തീമുകളിൽ ചലച്ചിത്രമേളകൾ, അഞ്ചു വേദികളിൽ ഫ്ലവർഷോ, എട്ടു വേദികളിൽ കലാപരിപാടികൾ, നിയമസഭയിൽ അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങിയവ അരങ്ങേറും.
പരിപാടിയിൽ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു. കേരളീയം 2023 സ്വാഗതസംഘത്തിന്റെ ചെയർമാൻ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടിയാണ്. ചീഫ് സെക്രട്ടറി ഡോ. വി വേണു ജനറൽ കൺവീനറും വ്യവസായ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ കൺവീനറുമാണ്. മുഖ്യരക്ഷാധികാരികൾ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, വി എസ് അച്യുതാനന്ദൻ എന്നിവരാണ്. രക്ഷാധികാരികളായി സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, മന്ത്രിമാർ എന്നിവർ ഉൾപ്പെടും. ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ആണ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ.
കേരളീയം 2023 ന്റെ താൽക്കാലിക ഓഫീസ് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ പ്രവർത്തനം തുടങ്ങി. പരിപാടി സംബന്ധിച്ച് എല്ലാ വകുപ്പുകളും സെപ്റ്റംബർ എട്ടിനകം ആദ്യയോഗം ചേർന്നു ആശയം സമർപ്പിക്കണം. സെപ്റ്റംബർ 20 നകം അന്തിമ ആശയവും നൽകണം. പരിപാടി ആരംഭിക്കുന്ന നവംബർ ഒന്നിന് ഉദ്ഘാടനം നടക്കും. നവംബർ രണ്ട് മുതൽ ആറ് വരെ നാല് വേദികളിലായി വിവിധ വിഷയങ്ങളിൽ 20 സെമിനാറുകൾ നടക്കും. ഏഴിന് നവകേരളത്തെകുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ചു കൊണ്ടായിരിക്കും പരിപാടിയുടെ സമാപനം.

Eng­lish sum­ma­ry; Ker­aliyam presents Ker­ala to the world every year

you may also like this video;

Exit mobile version