ദേശീയതലത്തിലും രാജ്യാന്തരതലത്തിലും വിവിധ മേഖലകളില്‍ മുന്നിട്ടുനില്‍ക്കുന്ന കേരളത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ‘കേരളോത്സവം’ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്താണ് വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്.
ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് ആര്‍ജിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി. സംസ്ഥാനത്തിന്റെ കല‑സംസ്കാരം, തൊഴില്‍, ഇ‑ഗവേണന്‍സ് പ്രവര്‍ത്തന മികവുകള്‍, കാര്‍ഷിക, ഭക്ഷ്യ, വ്യവസായ, സഹകരണ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങള്‍ തുടങ്ങിയവ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് കഴിയുംവിധമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഏഴ് ദിവസങ്ങളിലായി സെമിനാറുകളും ചര്‍ച്ചകളും ദേശീയ‑അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തരായവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകും. അംബാസഡര്‍മാരും മറ്റ് പ്രതിനിധികളും പങ്കെടുക്കുന്ന സെമിനാറോടെ ആരംഭിക്കുന്ന ‘കേരളോത്സവം’ ഏഴാംദിവസം നവകേരള കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ട് സമാപിക്കും.
രണ്ട് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ അക്കാദമിക വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍, അക്കാദമിക് പണ്ഡിതര്‍, നൊബേല്‍ സമ്മാന ജേതാക്കള്‍ തുടങ്ങിയവരുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
കാര്‍ഷിക കടാശ്വാസം, കാര്‍ഷികോല്പാദന വര്‍ധനവ്, മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ ഉല്പാദനം തുടങ്ങിയ കാര്‍ഷിക മേഖലയിലെ ഇടപെടലുകള്‍, ക്ഷീര മേഖലയുടെ സ്വയംപര്യാപ്തത, ഭൂപരിഷ്കരണം, സഹകരണ മേഖലയുടെ സാധ്യതകള്‍, വ്യവസായ രംഗത്തെ നേട്ടങ്ങള്‍, ഐടി മേഖലയിലെ പുരോഗതി, കേരളത്തിന്റെ ടൂറിസം മേഖലയിലെ സാധ്യതകള്‍, കേരളം നേടിയ വളര്‍ച്ചയില്‍ തൊഴിലാളികളുടെ പങ്ക്, പൊതുവിദ്യാഭ്യാസ‑ഉന്നത വിദ്യാഭ്യാസ രംഗങ്ങള്‍, ജനസൗഹൃദ ഗവേണന്‍സ്, പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനം, അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയതിന്റെ പ്രത്യേകത തുടങ്ങിയ വിഷയങ്ങളിലായിരിക്കും സെമിനാറുകള്‍.
വിജയിപ്പിക്കണം: എല്‍ഡിഎഫ്
തിരുവനന്തപുരം: കേരളത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച കേരളോത്സവം പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ പിന്തുണയും നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചതായി കണ്‍വീനര്‍ ഇ പി ജയരാജന്‍.
കേരളോത്സവം ഒരു ജനകീയ പരിപാടിയായി മാറ്റും. പരിപാടി വിപുലമായ നിലയില്‍ സംഘടിപ്പിക്കാനുള്ള എല്ലാ സഹായവും സര്‍ക്കാരിന് നല്‍കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിച്ചതായി ഇ പി ജയരാജന്‍ അറിയിച്ചു. പരിപാടി വിജയിപ്പിക്കാന്‍ എല്‍ഡിഎഫിന്റെ എല്ലാ ഘടകങ്ങളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.