ചരിത്രപ്രധാനമായ കേശവാനന്ദ ഭാരതി കേസിൽ സുപ്രീം കോടതി 1973 ഏപ്രിൽ 24ന് വിധി പുറപ്പെടുവിച്ചതിന്റെ സുവര്‍ണ ജൂബിലി കാസര്‍കോട് എടനീർ മഠത്തിൽ സെപ്റ്റംബർ രണ്ടിന് വിപുലമായി ആഘോഷിച്ചത് കൗതുകമുണർത്തുന്നതാണ്. കാരണം മറ്റൊന്നുമല്ല, 1970ൽ സി അച്യുതമേനോൻ സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമം അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എടനീർ മഠാധിപതി കേശവാനന്ദ ഭാരതി ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും സമർപ്പിച്ച കേസിൽ ഹര്‍ജിക്കാര്‍ക്ക് അനുകൂല വിധിയായിരുന്നില്ല ലഭിച്ചത്. എടനീർ മഠം കൈവശം വച്ചിരുന്ന 300ലേറെ ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂരഹിത കർഷകർക്കു നൽകിയ ഭൂപരിഷ്കരണ നിയമം സാധുവാണെന്നായിരുന്നു സുപ്രീം കോടതി വിധിച്ചത്. പ്രത്യക്ഷത്തിൽത്തന്നെ തങ്ങൾക്ക് അനുകൂലമല്ലാത്ത ഒരു കോടതിവിധിയുടെ ജൂബിലി ആഘോഷിക്കാൻ വാദിയുടെ സ്ഥാപനം അരനൂറ്റാണ്ടിനു ശേഷം മുന്നോട്ടു വന്നു എന്ന വസ്തുതയാണ് കൗതുകത്തിന് അടിസ്ഥാനം.
കേരള സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമം, സ്വത്തു സമ്പാദിക്കുന്നതിനും മതസ്വാതന്ത്ര്യത്തിനും മതസ്ഥാപനം നടത്തുന്നതിനുമുള്ള തങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന വാദവുമായിട്ടായിരുന്നു കേശവാനന്ദ ഭാരതി ആദ്യം ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചത്. സുപ്രീം കോടതി അതിന്റെ എല്ലാ ഗൗരവവും ഉൾക്കൊണ്ടുകൊണ്ടാണ് കേസ് പരിഗണിച്ചത്. അതിന്റെ ഫലമായി ആ കേസ്, പൗരന്മാരുടെ മൗലികാവകാശങ്ങളും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സങ്കല്പനങ്ങളും ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിനുള്ള അധികാരത്തിന്റെ പരിധികളും മറ്റും സംബന്ധിച്ച ഗഹനമായ അന്വേഷണമായി മാറി. അതിനായി സുപ്രീം കോടതി 13 അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുകയും 68 ദിവസങ്ങളോളം നീണ്ട വാദപ്രതിവാദങ്ങൾക്കു ശേഷം നിയമത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ചു കൊണ്ട് 1973 ഏപ്രിൽ 24ന് 700 പേജുകൾ അടങ്ങിയ വിധി പുറപ്പെടുവിക്കുകയും ചെയ്തു.
ഇതുകൂടി വായിക്കൂ: ഭരണഘടനയെ തോല്പിക്കുവാനുള്ള ഓര്‍ഡിനന്‍സ്
ജനങ്ങളുടെ പ്രതിനിധികളായ പാർലമെന്റിന് വിശാലമായ അധികാരങ്ങളുണ്ടെങ്കിലും, ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെയോ മൗലിക സവിശേഷതകളെയോ നശിപ്പിക്കാനോ ഇല്ലാതാക്കാനോ അധികാരമില്ലെന്ന് ഈ വിധിയിലൂടെ സുപ്രീം കോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ഭരണഘടനയുടെ പരമാധികാരം, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും, ജനാധിപത്യ റിപ്പബ്ലിക്കൻ രൂപം, ഫെഡറൽ സ്വഭാവം, മതേതരത്വം, ലെജിസ്ലേച്ചർ-എക്സിക്യൂട്ടീവ്-ജുഡിഷ്യറി എന്നിവ തമ്മിലുള്ള അധികാര വിഭജനവും അവയുടെ സ്വതന്ത്രമായ പ്രവർത്തനവും, വ്യക്തി സ്വാതന്ത്ര്യം എന്നിവ ഉൾപ്പെടുന്നതാണ് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമെന്നും പാർലമെന്റിന് ഇവ ഭേദഗതി വരുത്താനധികാരമില്ലെന്നും സുപ്രീം കോടതി ചരിത്രപ്രധാനമായ വിധിയിൽ വ്യക്തമാക്കുകയുണ്ടായി.
സമാനമായ കേസുകളുടെ ഒരു പരമ്പരയോടൊപ്പം കേശവാനന്ദ ഭാരതിയുടെ കേസും പരിഗണിച്ച കോടതി, വൻതോതിൽ ഭൂമി പുനർവിതരണം ചെയ്യുന്നതിനായി പൗരന്മാരുടെ സ്വത്തവകാശം പരിമിതപ്പെടുത്താൻ കഴിയില്ലെന്ന മുൻ തീരുമാനങ്ങൾ മറികടന്ന് പാർലമെന്റിന് സ്വത്തവകാശം എത്രത്തോളം പരിമിതപ്പെടുത്താമെന്നും വിധിയിൽ നിർവചിച്ചു. പൊതു ആവശ്യങ്ങൾക്കുവേണ്ടിയും ഭരണഘടനയുടെ ഭാഗം നാലിൽ പറയുന്ന നിർദേശക തത്വങ്ങളുടെ നടപ്പാക്കലിനായും രാഷ്ട്രത്തിന് പൗരന്മാരുടെ സ്വത്തവകാശം എന്ന മൗലികാവകാശത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും കോടതി വിധിച്ചു.
പരിധിയിൽ കവിഞ്ഞ ഭൂമി കൈവശംവച്ചിരിക്കുന്ന ജന്മിമാരിൽ നിന്നുണ്ടാകാവുന്ന നിയമപരമായ നീക്കങ്ങൾ മുൻകൂട്ടി കണ്ടിരുന്ന മുഖ്യമന്ത്രി സി അച്യുതമേനോൻ അന്നത്തെ അനുകൂല രാഷ്ട്രീയ സാഹചര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ഭൂപരിഷ്കരണ നിയമത്തിനു സംരക്ഷണം ലഭിക്കാൻ ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അതിനു വേണ്ടി നടത്തിയ 29-ാം ഭരണഘടനാ ഭേദഗതി സാധുവാണെന്ന് സുപ്രീം കോടതി വിധിക്കുകയും ചെയ്തു. കേസിൽ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നിരാകരിക്കപ്പെട്ടുവെങ്കിലും ഭരണഘടനാ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറിയ ഈ കോടതി വിധി ഉണ്ടാകുന്നതിന് നിമിത്തമായി മാറിയതിലൂടെ കേശവാനന്ദ ഭാരതി രാജ്യത്തെ നിയമചരിത്രത്തിന്റെ ഭാഗമായി മാറി.
ഇതുകൂടി വായിക്കൂ: ഭരണഘടനയുടെ നേരെ പിന്നെയും വെടിയുണ്ടകൾ
അതുകൊണ്ടു തന്നെ ഈ കോടതി വിധിയുടെ ജൂബിലിയാഘോഷം ശ്ലാഘനീയമാണ്. ആ നിലയ്ക്ക് എടനീർ മഠത്തിൽ നടന്ന ആഘോഷ പരിപാടി സംഘാടന മികവുകൊണ്ടും സുപ്രീം കോടതിയിലെയും കേരള ഹൈക്കോടതിയിലെയും സിറ്റിങ് ജഡ്ജിമാരുൾപ്പെടെയുള്ളവരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. കാസർകോട്, ഹൊസ്ദുർഗ്, മംഗലാപുരം, പുത്തൂർ, സുള്ള്യ, കുന്ദാപുരം എന്നിവിടങ്ങളിലെ ബാർ അസോസിയേഷനുകളിൽ നിന്നുള്ള അഭിഭാഷകരും അവിടങ്ങളിലെ ലോ കോളജുകളിലെ വിദ്യാർത്ഥികളുമുൾപ്പെടെയുള്ള ഗംഭീര സദസും പരിപാടിയിൽ ഉടനീളം പങ്കെടുത്തു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എസ് വി ഭാട്ടി, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ നഗരേഷ്, കർണാടക മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഉദയ് ഹൊള്ള, കേരള മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി ആസഫലി തുടങ്ങിയ പ്രമുഖരുടെ ചിന്തോദ്ദീപകമായ പ്രഭാഷണങ്ങൾ കോടതി വിധിയുടെ ഉൾക്കാമ്പ് വെളിപ്പെടുത്തുന്നവയായിരുന്നു.
ഇന്ത്യൻ ഭരണഘടന കേന്ദ്ര ഭരണാധികാരികളിൽ നിന്നും ഏറ്റവും വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഈ ആഘോഷ പരിപാടി, രാജ്യത്തിന്റെ മതേതര ജനാധിപത്യ സംവിധാനവും സാംസ്കാരിക വൈവിധ്യങ്ങളും ജനങ്ങളുടെ മൗലികാവകാശങ്ങളും എത്രത്തോളം ഭരണഘടനയുടെ നിലനിൽപ്പിനെ ആശ്രയിച്ചിരിക്കുന്നു എന്നു ബോധ്യപ്പെടുത്താൻ ഉപകരിച്ചു. അപ്പോഴും, കേരളത്തിന്റെ സാമൂഹ്യ‑രാഷ്ട്രീയ ചരിത്രത്തെ വിപ്ലവകരമായി മാറ്റിമറിച്ച, മണ്ണിൽ പണിയെടുക്കുന്ന ദശലക്ഷക്കണക്കിന് കൃഷിക്കാർക്ക് അവരുടെ ഭൂമിയിൽ അവകാശം സ്ഥാപിച്ചുകൊടുത്ത പുരോഗമനപരമായ ഒരു നിയമത്തെ അസാധുവാക്കാനായിരുന്നു ജന്മിയായ കേശവാനന്ദ ഭാരതി കോടതിയിൽ കേസുമായി പോയത് എന്ന ചരിത്രയാഥാർത്ഥ്യവും അവശേഷിക്കുന്നു.
1950കളിലും 60കളിലും ജന്മിത്തത്തിനെതിരെ നടന്ന ശക്തമായ സമരങ്ങളുടെ ഒരു കേന്ദ്രമായിരുന്നു എടനീർ മഠമെന്നത് പ്രസ്താവ്യമാണ്. സമരങ്ങൾക്കു നേതൃത്വം നൽകാൻ എ കെ ഗോപാലൻ, എൻ ഇ ബാലറാം തുടങ്ങിയ പ്രമുഖ നേതാക്കൾ എത്തിച്ചേർന്നിരുന്നതും ചരിത്രം.