Site iconSite icon Janayugom Online

കീം റാങ്ക് ലിസ്റ്റ്; തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

കേരള എന്‍ജിനിയറിങ്ങ് ആര്‍ക്കിടെക്ചര്‍ ആന്റ് മെഡിക്കല്‍ (കീം) റാങ്ക് ലിസ്റ്റിലെ വസ്തുതകള്‍ സംബന്ധിച്ച തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി എസ് നരസിംഹ, എ എസ് ചന്ദുര്‍ക്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കീം റാങ്ക് ലിസ്റ്റ് പുതുക്കിയ മാനദണ്ഡ പ്രകാരം സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. ഇതില്‍ കേരള സിലബസില്‍ പഠിച്ച കുട്ടികള്‍ കൂടുതല്‍ റാങ്കുകള്‍ക്ക് അര്‍ഹരായി. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിധി പുറപ്പെടുവിച്ചു. ഇതോടെ ആദ്യ റാങ്ക് ലിസ്റ്റില്‍ മുന്നിലുണ്ടായിരുന്ന കേരള സിലബസിലെ പല കുട്ടികളുടെയും റാങ്ക് പട്ടിക താഴെയായി. ഇവരില്‍ ചിലരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. 

ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നുണ്ടോ എന്ന് കോടതി സംസ്ഥാനത്തിനുവേണ്ടി ഹാജരായ സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍ സി കെ ശശിയോട് ആരാഞ്ഞു. ഇക്കാര്യം കേസ് പരിഗണിക്കുമ്പോള്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. റാങ്ക് ലിസ്റ്റില്‍ ഇടപെടില്ല. എന്നാല്‍ വിദ്യാര്‍ത്ഥി പ്രവേശന മാനദണ്ഡങ്ങളില്‍ ഇനി തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി വിധി നടപ്പാക്കി. അതിനാല്‍ ഇനി വിധിയില്‍ ഇടപെടരുതെന്ന വാദമാണ് കേസില്‍ തടസഹര്‍ജിയുമായി എത്തിയ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ കോടതിയില്‍ ഉന്നയിച്ചത്. കേരള സിലബസില്‍ പഠിച്ച ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍, പി എസ് സുള്‍ഫിക്കര്‍ അലി എന്നിവര്‍ ഹാജരായി. 

Exit mobile version