Site icon Janayugom Online

ഖാദിയിലും തീവെട്ടിക്കൊള്ള

നരേന്ദ്ര മോഡി ഭരണത്തിന് കീഴില്‍ രാജ്യത്ത് നടന്നുവരുന്നത് തീവെട്ടിക്കൊള്ളയെന്ന് വ്യക്തമാക്കി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്.
ഖാദി യുണിറ്റുകള്‍ക്ക് പണം അനുവദിച്ചതില്‍ ക്രമക്കേട്, സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ അംഗീകരിക്കാത്ത പദ്ധതിക്ക് തുക അനുവദിക്കല്‍, ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ ഭൂമി അടക്കമുള്ള സ്വത്തുക്കളുടെ പരിപാലനത്തില്‍ വീഴ്ച, ടീ ബോര്‍ഡിന്റെ പ്രവര്‍ത്തനം നീരിക്ഷിക്കുന്നതില്‍ അലംഭാവം എന്നിവ സിഎജി റിപ്പോര്‍ട്ടുകളില്‍ ഈമാസം പത്തിന് ലോക് സഭയില്‍ സമര്‍പ്പിച്ച 12 റിപ്പോര്‍ട്ടുകളിലാണ് മോഡി ഭരണത്തിന് കീഴില്‍ നിര്‍ബാധം തുടര്‍ന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ നിരത്തിയിരിക്കുന്നത്.
ചെറുകിട ‑ഇടത്തരം വ്യവസായ വകുപ്പിന് കീഴില്‍ വരുന്ന ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ 20 ശതമാനത്തില്‍ താഴെ മാത്രം യുണിറ്റുകള്‍ മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളുവെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. 2017–18 മുതല്‍ 2020–21 വരെയുള്ള കാലത്ത് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന് കീഴിലുള്ള 92 ഖാദി വില്‍പ്പന കേന്ദ്രങ്ങളില്‍ 18 എണ്ണം മാത്രമാണ് പ്രവര്‍ത്തിച്ചത്. വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം ബാക്കിയുള്ള വിപണന കേന്ദ്രങ്ങള്‍ അടച്ച് പൂട്ടുകയോ ഭാഗികമായി പ്രവര്‍ത്തനം നിലയ്ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിനോദ സഞ്ചാര വകുപ്പിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ തുടക്കം മുതല്‍ അഴിമതി കൊടികുത്തിവാണു. 2015 മുതല്‍ 2022 വരെയുള്ള കാലത്ത് 500 കോടിയുടെ പദ്ധതി വിഭാവനം ചെയ്ത സ്ഥാനത്ത് 2016–17 കാലഘട്ടം എത്തുമ്പോള്‍ 4,000 കോടി അധികമായി അനുവദിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്രമന്ത്രിസഭയുടെ അനുമതിയില്ലാതെയാണ് പല പദ്ധതികള്‍ക്കും മന്ത്രാലയം തുക അനുവദിച്ചത്. 1000 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി നിര്‍ബന്ധം എന്ന മാനദണ്ഡം ലംഘിച്ചാണ് തുക നല്‍കിയത്.
ബിഎസ്എന്‍എല്‍ ഭൂമി അടക്കമുള്ള വസ്തുക്കളുടെ പരിപാലനത്തില്‍ വാര്‍ത്താ വിതരണം മന്ത്രാലയം നിഷേധത്മക നിലപാട് സ്വീകരിച്ചതിന്റെ ഫലമായി ഭൂമി അടക്കമുള്ള വസ്തുക്കള്‍ അന്യാധീനപ്പെട്ടു. വകുപ്പിന്റെ കീഴിലുള്ള പല സ്ഥലങ്ങള്‍ക്കും കൃത്യമായ രേഖകള്‍ ഇല്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നീരിക്ഷണമില്ലാതെ ടീ ബോര്‍ഡ്
തേയില കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്ന വകയില്‍ ടീ ബോര്‍ഡില്‍ വ്യാപകമായ അഴിമതിയാണ് നടന്നത്. ആസൂത്രണ ബോര്‍ഡും നീതി ആയോഗും ശുപാര്‍ശ ചെയ്ത പട്ടിക വര്‍ഗ വിഭാഗം കൃഷിക്കാര്‍ക്ക് അനുവദിക്കേണ്ട 4.5 ശതമാനം തുക പിന്നിട് 8.3 ആയി വര്‍ധിപ്പിച്ചുവെങ്കിലും ആകെ 3.29 ശതമാനം തുകയാണ് ഈ വിഭാഗത്തില്‍ വിതരണം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ തേയില ഫാക്ടറികള്‍ പരിശോധിക്കുന്നതില്‍ മന്ത്രാലയം ഗുരുതര വീഴ്ചയാണ് വരുത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish sum­ma­ry; Kha­di: More infor­ma­tion out in CAG report

you may also like this video;

Exit mobile version