ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ നിര്യാണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യാഴാഴ്ച ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച് അംബാസഡർ മുഹമ്മദ് ഫതാലിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സർക്കാരിന് വേണ്ടി അദ്ദേഹം അനുശോചന പുസ്തകത്തിൽ ഒപ്പിടുകയും ചെയ്തു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. ആക്രമണം നടന്ന് അഞ്ചാം ദിവസമാണ് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വരുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറിയുടെ ഈ സന്ദർശനം.

