Site iconSite icon Janayugom Online

മനു ഭാകറിനും ഡി ഗുകേഷിനും ഖേല്‍രത്ന; 32 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ്

2024ലെ ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹര്‍മൻപ്രീത് സിങ്, ഒളിമ്പിക്സ് ഇരട്ടമെഡല്‍ ജേതാവ് മനു ഭാകര്‍, പാരാ അത്‌ലറ്റ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ ഇക്കുറി പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാൻ ചന്ദ് ഖേല്‍ രത്ന പുരസ്കാരത്തിന് അര്‍ഹരായി. ഈ മാസം 17ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. പാരിസ് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മനു വെങ്കലം നേടിയിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ കായികതാരമായ മനുവിന് ഖേല്‍ രത്‌ന നല്‍കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായിരുന്നു. പുരസ്കാരത്തിനായി മനു ഭാകര്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നായിരുന്നു കായിക മന്ത്രാലയം ആദ്യം അറിയിച്ചത്. എന്നാല്‍, അപേക്ഷ നല്‍കിയിരുന്നുവെന്ന് താരത്തിന്റെ കുടുംബം വ്യക്തമാക്കി. ഇത് വിവാദമായ പശ്ചാത്തലത്തില്‍ പുതിയ പട്ടികയില്‍ ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷിനൊപ്പം മനു ഭാകറിന്റെയും പേര് കായിക മന്ത്രാലയം ഉള്‍പ്പെടുത്തുകയായിരുന്നു.

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് സിങ് 2024 പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയെ വെങ്കലത്തിലേക്ക് നയിച്ചിരുന്നു. 2020 ടോക്യോ ഒളിമ്പിക്സിലും വെങ്കലം നേടിയ ടീമില്‍ ഹര്‍മന്‍പ്രീത് അംഗമായിരുന്നു. പാരാ അത്‌ലറ്റായ പ്രവീണ്‍ കുമാര്‍ 2024 പാരിസ് പാരാലിമ്പിക്സില്‍ ഹൈജംപില്‍ സ്വര്‍ണവും 2020 ടോക്യോ പാരാലിമ്പിക്സില്‍ വെള്ളിയും നേടി. ചൈനയുടെ ഡിങ് ലിറനെ കീഴടക്കി ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനെന്ന അനുപമ നേട്ടമാണ് ഡി ഗുകേഷ് സ്വന്തമാക്കിയത്. മലയാളി നീന്തല്‍ താരം സജൻ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി. ഇവരില്‍ 17 പാരാ അത്‌ലറ്റുകളും ഉള്‍പ്പെടുന്നു. 2017ലെ ഏഷ്യൻ ഇൻഡോര്‍ ഗെയിംസില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈസില്‍ വെള്ളി മെഡലാണ് സജൻ നേടിയത്. ഗുവാഹട്ടിയിൽ 2016ൽ നടന്ന ഏഷ്യൻ ഗെയിംസിൽ 200 മീറ്റർ ബട്ടർഫ്ലൈ, 1500 മീറ്റർ ഫ്രീസ്റ്റൈൽ, 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ഇനങ്ങളിൽ സ്വര്‍ണ മെഡലും മലയാളി താരം നേടിയിട്ടുണ്ട്.

കായിക പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് മലപ്പുറം ചെനക്കല്‍ സ്വദേശി എസ് മുരളീധരന്‍ അര്‍ഹനായി. ബാഡ്‌മിന്റണ്‍ പരിശീലകനും ഇന്റര്‍നാഷണല്‍ റഫറിയുമാണ്. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ ബാഡ്‌മിന്റണ്‍ പരിശീലകനായിരുന്ന മുരളീധരന്‍ ഇന്ത്യന്‍ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ബാഡ്‌മിന്റണില്‍ കേരള സ്റ്റേറ്റ് ചാമ്പ്യനും ദേശീയ ചാമ്പ്യനുമായിരുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്. 

Exit mobile version