Site iconSite icon Janayugom Online

വീല്‍ചെയര്‍ നല്‍കാൻ വൈകിയെന്ന പരാതി; നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ

മോശം അനുഭവം ഉണ്ടായതില്‍ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ. കാലിന് പരിക്കുപറ്റിയ താന്‍ ഒരു വീല്‍ചെയറിനായി അരമണിക്കൂര്‍ കാത്തുനിന്നുവെന്ന് നടി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. സംഭവം വിവാദമായതോടെ എയര്‍ ഇന്ത്യ ഖുശ്ബുവിനോട് മാപ്പ് പറയുകയായിരുന്നു.

ജനുവരി 31നാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ കാലിന് പരിക്കുപറ്റിയ താന്‍ ഒരു വീല്‍ചെയറിനായി അരമണിക്കൂര്‍ കാത്തുനിന്നുവെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തത്. മറ്റൊരു എയര്‍ലൈനില്‍ നിന്നും വീല്‍ ചെയര്‍ വാങ്ങിയാണ് തനിക്ക് നല്‍കിയതെന്നും ഖുശ്ബു പറയുന്നു. നിങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ നന്നായി ചെയ്യാന്‍ സാധിക്കുമെന്നും ഖുശ്ബു സോഷ്യല്‍ മീഡിയയില്‍വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ഖുശ്ബുവിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയായതോടെ ക്ഷമാപണവുമായി എയര്‍ ഇന്ത്യ എത്തുകയായിരുന്നു. ഈ കാര്യം ചെന്നൈയിലെ വിമാനതാവള ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഈ അടുത്താണ് ഒരു അപകടത്തില്‍ ഖുശ്ബുവിന്‍റെ കാലിന് പരിക്കേറ്റത്. ഇതിന്‍റെ ചിത്രങ്ങള്‍ ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

Eng­lish Sum­ma­ry: Khush­bu Sun­dar Slams Air India Over Delay In Get­ting Wheelchair
You may also like this video

Exit mobile version