മുൻ പങ്കാളിയിൽ നിന്ന് നേരിട്ട ക്രൂര പീഡനങ്ങൾ വെളിപ്പെടുത്തി മിനിസ്ക്രീൻ താരം ജസീല പർവീൺ. സിമ്പതിക്കല്ല, നിയമപരമായ പിന്തുണയും മാർഗനിർദേശവും തേടാനാണ് ഈ വിഷയം പങ്കുവെക്കുന്നതെന്നും ജസീല സമൂഹ്യ മാധ്യമ പോസ്റ്റിലൂടെ പറഞ്ഞു. പീഡനങ്ങൾ നേരിട്ടതിന്റെ ചിത്രങ്ങളും വിഡിയോയും ജസീല സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
തന്റെ മുൻ പങ്കാളിയായിരുന്ന ഡോൺ തോമസിനെതിരെയാണ് ഗുരുതര പീഡന ആരോപണങ്ങൾ നടി ഉന്നയിച്ചത്. കഴിഞ്ഞ വർഷം ന്യൂയർ ദിനത്തിലാണ് നടിയെ ഡോൺ തോമസ് അക്രമിച്ചത്. മുൻ കാമുകന്റെ അമിത മദ്യപാനവും പുകവലിയും ചോദ്യം ചെയ്തതാണ് ഉപദ്രവത്തിലേക്ക് നയിച്ചതെന്ന് നടി പറയുന്നുണ്ട്. പരിക്കേറ്റതിന് പിന്നാലെ പൊലീസിൽ അറിയിച്ചെങ്കിലും ഉടനടി നടപടിയൊന്നുമുണ്ടായില്ല. ഡോൺ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിന് ശേഷമാണ് പൊലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതെന്നും ജസീല ആരോപിക്കുന്നു.

