Site icon Janayugom Online

ലൈംഗികാതിക്രമക്കേസ്; എച്ച് ഡി രേവണ്ണ അറസ്റ്റില്‍

ലെെംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച് ഡി രേവണ്ണ അറസ്റ്റില്‍. പിതാവ് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ വസതിയില്‍ നിന്നാണ് രേവണ്ണ കസ്റ്റഡിയിലാവുന്നത്. മകന്‍ പ്രജ്വല്‍ രേവണ്ണ വിദേശരാജ്യത്ത് ഒളിവിലാണ്. ഇരുവര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നിരവധി സ്ത്രീകളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡനത്തിനിരയാക്കിയെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള ആരോപണം. മൂവായിരത്തോളം വീഡിയോ ക്സിപ്പുകള്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. 

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിലെ പ്രധാന കക്ഷിയാണ് ജെഡിഎസ്. കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള ബിജെപി നേതാക്കള്‍ പ്രജ്വല്‍ രേവണ്ണയ്ക്കായി പ്രചാരണം നടത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് രക്ഷപെടുന്നതിനും കേന്ദ്രസര്‍ക്കാര്‍ സഹായിച്ചതായി ആരോപണമുണ്ട്. നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നത്. 

എച്ച് ഡി രേവണ്ണയ്ക്കും മകനുമെതിരെ രണ്ട് ബലാത്സംഗക്കേസുകളും ഒരു തട്ടിക്കൊണ്ടുപോകല്‍ കേസും ഉള്‍പ്പെടെ മൂന്ന് എഫ്ഐആറുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്ന് തവണ അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും രേവണ്ണ ഹാജരായിരുന്നില്ല. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. തുടര്‍ന്ന് എഡിജിപി വി കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമെത്തി രേവണ്ണയെ പിടികൂടുകയായിരുന്നു. മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ രേവണ്ണയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി. പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

ഇതിനിടെ രാജ്യം വിട്ട പ്രജ്വലിനെ കണ്ടെത്താൻ മറ്റു രാജ്യങ്ങളുടെ സഹായം തേടി കർണാടക സർക്കാർ സിബിഐയെ സമീപിച്ചു. ഇതനുസരിച്ച് സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. രാജ്യം വിട്ട പ്രജ്വലിന് പിന്നാലെ രേവണ്ണ‍യും രാജ്യം വിടാനുള്ള സാധ്യത മുൻനിർത്തിയാണ് രണ്ടാമതും ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. ജെഡിഎസ് നേതാവ് ദേവഗൗഡയുടെ കുടുംബത്തിന്റെ പടുവലഹിപ്പ് ഗ്രാമത്തിലെ ഫാംഹൗസിലും പ്രജ്വലിന്റെ വീട്ടിലും പ്രത്യേക അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തി. ചില ഫോട്ടോകള്‍ കാണിച്ച അന്വേഷണ സംഘം ജോലിക്കാരോട് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. എന്നാല്‍ ഫോട്ടോയിലുള്ളവരെക്കുറിച്ച് അറിയില്ലെന്നായിരുന്നു ജീവനക്കാരുടെ മൊഴി. 

Eng­lish Summary:Kidnapping case; HD Revan­na in custody

You may also like this video

Exit mobile version