ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിൽനിന്നും ചാടിപ്പോയ പ്രതിയെ കണ്ടെത്തി. ഫറോക്ക് ചന്ത സ്കൂളിലെ ശുചിമുറിയിൽ നിന്നാണ് അസം സ്വദേശിയായ പ്രസൺജിത്തിനെ പൊലീസ് പിടികൂടിയത്. ഒരു സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെരുമുഖത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മകളുമായി നാടുവിട്ട പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയശേഷം പ്രസൺജിത്തിനെ വൈദ്യപരിശോധന നടത്തി സ്റ്റേഷനിൽ നിർത്തിയിരുന്നു. പൊലീസുകാരുടെ സാന്നിധ്യം കുറഞ്ഞ സമയം മുതലെടുത്ത് കൈയിൽ വിലങ്ങുമായി ഇയാൾ രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട് നിന്ന് സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; പൊലീസ് കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ

