Site iconSite icon Janayugom Online

കിഫ്‌ബി പ്രവർത്തനം ബിജെപിയെ അലോസരപ്പെടുത്തുന്നു: തോമസ്‌ ഐസക്‌

സംസ്ഥാനവികസനത്തിന് നിര്‍ണ്ണായക പങ്ക് വഹിച്ച കിഫ്‌ബിയുടെ പ്രവർത്തനം ചെറിയ രീതിയിലൊന്നുമല്ല ബിജെപിയെ അലോസരപ്പെടുത്തുന്നതെന്നു മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി എം തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. കിഫ്‌ബിയെ സംബന്ധിച്ച്‌ ഏതെങ്കിലും ഇഡി നോട്ടീസ്‌ കിട്ടിയിട്ടില്ലെന്ന്‌ നോട്ടീസ്‌ ഉണ്ടെങ്കിൽ അത്‌ രാഷ്ട്രീയലക്ഷ്യം വച്ചുള്ള നീക്കമാണ്‌. ഐസക്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.ബിജെപി സര്‍ക്കാര്‍ എല്ലാ ഏജൻസികളേയും രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാൻ ഉപയോഗിക്കുകയാണ്. കിഫ്ബിക്കെതിരെ ഇഡിയും, സിഎജിയും, ആദായനികുതി വകുപ്പുമെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇറങ്ങിയതാണ്. 

എന്നിട്ടെന്തായി. ഇപ്പോൾ ഇതിങ്ങനെ കുത്തിപ്പൊക്കുന്നതിന് വേറെ പല ലക്ഷ്യവും കണ്ടേക്കാം. അങ്ങനെയൊരു നോട്ടീസ് വരുന്നുണ്ടെങ്കിൽ അതിനു പിന്നിൽ പല ലക്ഷ്യവും ഉണ്ടാവും. അങ്ങനെയൊരു നോട്ടീസുണ്ടെങ്കിൽ അത്‌ രാഷ്ട്രീയമായ നീക്കമായിരിക്കും അതിനെ ആ രീതിയിൽ തന്നെ നേരിടും. നോട്ടീസ് വരട്ടെ ഹാജരാവണോ വേണ്ടയോ എന്നതിൽ അപ്പോൾ തീരുമാനമെടുക്കാം. കേരളത്തിൽ കിഫ്ബി എന്തൊരു മാറ്റമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. നമ്മുടെ സ്‌കൂളുകളെല്ലാം നവീകരിച്ചു, നമ്മുടെ ആശുപത്രികൾ വികസിച്ചു. റോഡുകൾ ഒന്നൊന്നായി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. ഈ വര്‍ഷം ട്രാൻസ് ഗ്രിഡ് പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ വൈദ്യുതി പ്രതിസന്ധി അവസാനിക്കും. കെ ഫോണ്‍ അടുത്തു തന്നെ പൂര്‍ത്തിയാവും.

ദേശീയപാതയും റിംഗ് റോഡ് നിര്‍മ്മാണത്തിനും ഭൂമിയേറ്റെടുക്കാൻ പണം നൽകുന്നു. അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളാണ് കിഫ്ബി ഫണ്ടിംഗിലൂടെ നടക്കുന്നത്. ഇതൊന്നും ചില്ലറയല്ല ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. ഇതൊക്കെ സര്‍ക്കാര്‍ എന്തിന് ചെയ്യണം? വൻകിടമുതലാളിമാരെക്കൊണ്ട് ചെയ്യിച്ചാൽ പോരെ
അതാണ് അവരുടെ നയം. കേരളത്തിൽ ഈ പദ്ധതികളൊക്കെ സ്വകാര്യ കമ്പനികളെ ഏൽപിച്ചാൽ റോഡുകൾക്ക് ടോൾ ബൂത്ത് സ്ഥാപിക്കേണ്ടി വരും. സ്‌കൂളുകളും ആശുപത്രികളും നവീകരിക്കാനുള്ള പണം തിരികെ കിട്ടാൻ ഫീസ് നിരക്ക് കൂട്ടിയാൽ ജനം അംഗീകരിക്കുമോ അപ്പോ അതിനൊക്കെ പകരമുള്ള വഴിയാണ് കിഫ്ബി. ഈ പദ്ധതിയൊക്കെ നടപ്പായി കഴിഞ്ഞാൽ ജനങ്ങളിൽ സര്‍ക്കാരിന് അനുകൂലമായി ഉണ്ടാവുന്ന മാറ്റത്തെയാണ് അവര്‍ ഭയപ്പെടുന്നത്

Eng­lish Sum­ma­ry: KIFB activ­i­ty annoys BJP: Thomas Isaac

You may also like this video: 

Exit mobile version