Site iconSite icon Janayugom Online

ഭാര്യയുടെ നിറം കറുപ്പ്, വെള്ളത്തിൽ തള്ളിയിട്ട് കൊന്നു; കൊല്ലത്ത് 8 വർഷത്തിന് ശേഷം ഭർത്താവ് പിടിയിൽ

ശാസ്താംകോട്ടയിൽ എട്ടു വർഷം മുൻപ് ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. തേവലക്കര സ്വദേശി അബ്ദുൽ ഷിഹാബാണ് (41) അറസ്റ്റിലായത്. ഇയാളുടെ ഭാര്യയായിരുന്ന പുനലൂർ വാളക്കോട് സ്വദേശി ഷജീറയാണ് 2015 ജൂൺ 17ന് ശാസ്താംകോട്ട കല്ലുംമൂട്ട് കടവിൽ തടാകത്തിൽ മരിച്ചത്.

എട്ട് വർഷം മുൻപ് ബോട്ട് ജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ നിലയിൽ അബോധാവസ്ഥയിലാണ് ഷജീറയെ ശാസ്താംകോട്ട പത്മാവതി ആശുപത്രിയിൽ എത്തിച്ചത്. അബോധാവസ്ഥയിൽ മൂന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം. ഷജീറയുടെ ബന്ധുക്കളുടെ പരാതിയിൽ 2017 ൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്ക് കിട്ടിയതെന്ന് പറഞ്ഞ് ഷിഹാബ് നിരന്തരം ഷജീറയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഫോൺ ചെയ്യാൻ പോലും ഷജീറയെ അനുവദിച്ചിരുന്നില്ല. കൊലപാതകം നടന്ന ദിവസം കരിമീൻ വാങ്ങാമെന്ന പേരിലാണ് മൺറോത്തുരുത്തിന് സമീപത്തെ പെരിങ്ങാലത്തേക്ക് ഷജീറയുമായി ഷിഹാബ് എത്തിയത്. കരിമീൻ കിട്ടാതെ ഇവിടെ നിന്ന് മടങ്ങി. ആറരയോടെ ജങ്കാറിൽ കല്ലുമൂട്ടിൽ കടവിൽ തിരികെ എത്തി. പിന്നീട് ആരും കാണാതെ ഷജീറയെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ആൾക്കാർ കൂടിയപ്പോൾ അബദ്ധത്തിൽ കാൽതെറ്റി വീണതെന്ന നിലയിൽ ഷിഹാബ് അഭിനയിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: killed his wife; Hus­band arrest­ed after 8 years in Kollam
You may also like this video

Exit mobile version