Site iconSite icon Janayugom Online

കിനാവോ

(ഈയിടെ നടന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ചില ചിന്തകൾ)

മിഴിയൊന്നുചിമ്മിത്തുറക്കുംനേരത്തിൽ
മൃതിയെത്തുന്നു നമ്മെക്കൂടെക്കൂട്ടുവാൻ
കാത്തുനിൽക്കുകയില്ലവനാർക്കുംവേണ്ടി
കാത്തുനിൽക്കാൻ വിധിക്കപ്പെട്ടവർ നമ്മൾ
കാറ്റായും തിരയായും പേമാരിയായും
കാട്ടുതീയായും ഭൂകമ്പമായും പിന്നെ
രോഗാണുവായുമുരുൾപ്പൊട്ടലായുമെല്ലാം
പ്രകൃതി പ്രതികാരം ചെയ്യുകയാവാം
നാനാജാതിമതസ്ഥർ വാണിരുന്നതാം
സ്വപ്നഭവനങ്ങളൊരുനിമിഷത്തിൽ
കിനാവുകളായിമാത്രം മാറുന്നതാം
കെട്ടകാലമിനിയെന്നുതാൻ മാറുമോ
സർവമതപ്രാർത്ഥനകളോടെ മൃത-
ദേഹങ്ങൾ മണ്ണിലമരുന്ന കാഴ്ചകൾ
കഠിനമാം മനോവേദനയില്ലാതെ
കണ്ടുനിൽക്കാനാമോ കരുത്തർക്കുപോലും
വേണം വികസനമെന്നാലീവിധത്തിൽ
കാനനവും മലയും നദിയുമെല്ലാം
തകർത്തെറിഞ്ഞാലെത്ര കാലം മർത്യന്നു
ലോകത്തിൽ വാഴാനാവുമെന്നാരു കണ്ടു
നല്ല വിശ്വാസങ്ങളെല്ലാം കൈവെടിഞ്ഞു
നരനന്ധവിശ്വാസത്തിൽ നീന്തിടുന്നു
സത്യതീരം കാണാതെ ശ്വാസം നിലച്ചു
മൃതിയിലമരാനോ നമുക്കു വിധി
ശാസ്ത്രമക്ഷീണം യത്നിച്ചുകണ്ടെത്തിയ
തത്വങ്ങളെല്ലാം യുദ്ധോപകരണങ്ങൾ
നിർമ്മിച്ചുശേഖരിച്ചുപയോഗിക്കുവാൻ
നിരന്തരം മർത്യർ തുനിയുന്നതെന്തേ
പ്രകൃതിയെ ഹിംസിച്ചു സമ്പാദിക്കുന്ന-
വർക്കു ലഭിക്കില്ലൊരിക്കലും പ്രശാന്തി
പ്രകൃതിയോടിണങ്ങി ജീവിക്കുമെങ്കിൽ
ദീർലായുസും സൗഖ്യവും ലഭിക്കുമല്ലോ

Exit mobile version