Site icon Janayugom Online

എയിംസ് : കിനാലൂരിൽ സ്ഥലം ലഭ്യമാക്കുമെന്ന് സർക്കാർ പ്രതീക്ഷയോടെ പ്രദേശവാസികൾ

എയിംസിനായി ബാലുശ്ശേരി മണ്ഡലത്തിലെ കിനാലൂരിൽ സ്ഥലം ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാറിനെ സംസ്ഥാന സർക്കാർ അറിയിച്ചതോടെ പ്രതീക്ഷയിലാണ് കിനാലൂരും ബാലുശ്ശേരി മണ്ഡലവും. സെപ്റ്റംബർ 22 ന് ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ കേരളത്തിന് എയിംസ് അനുവദിച്ചാൽ കിനാലൂരിൽ സ്ഥാപിക്കുമെന്ന് നേരത്തെ തന്നെ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും കേന്ദ്ര സർക്കാറിൽ നിന്ന് ഉണ്ടാവാതെ വന്നതോടെ പ്രതീക്ഷകളും നശിച്ചു. എന്നാൽ പുതിയ സാഹചര്യത്തിൽ എയിംസ് പ്രദേശത്ത് വരുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ. കേന്ദ്ര സംഘം സ്ഥലം സന്ദർശിക്കുന്നതോടെ എയിംസിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകും.
2014 മുതൽ തന്നെ അതാത് കാലത്തെ സംസ്ഥാന സർക്കാറുകൾ ഇക്കാര്യം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 2021 ജൂലൈ മാസത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചു. ആഗസ്റ്റിൽ കേന്ദ്ര ആരോഗ്യമന്ത്രി കേരളം സന്ദർശിച്ചപ്പോഴും സംസ്ഥാനത്തിന്റെ ആവശ്യം അവതരിപ്പിച്ചു. ഇതിന്റെ തുടർച്ചയായാണ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് അയച്ച കത്തിൽ എയിംസ് തുടങ്ങുന്നതിനാവശ്യമായ ഇരുന്നൂറ് ഏക്കർ സ്ഥലം കിനാലൂരിൽ ലഭ്യമാക്കാമെന്ന് അറിയിച്ചത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കിനാലൂരിലെ കെ എസ് ഐ ഡി സിയുടെ കൈവശമുള്ള ഭൂമി ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശിക്കുകയും ഭൂമി എയിംസിനായി റവന്യു സംഘം അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയരക്ടർ തോമസ് മാത്യു, മെഡിക്കൽ കോളെജ് സൂപ്രണ്ട് ഡോ. ശ്രീജയൻ, പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ എന്നിവർ സ്ഥല ലഭ്യതയെക്കുറിച്ച് അറിയാനായി ജൂലൈ 18 ന് സ്ഥലം സന്ദർശിച്ചു. തുടർന്ന് ആഗസ്റ്റ് പതിനാലിന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലക്, വ്യവസായ വകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവൻ, കെ എസ് ഐ ഡി സി ജനറൽ മാനേജർ പ്രശാന്ത്, ജില്ലാ കലക്ടർ തേജ് ലോഹിത് റെഡ്ഡി, ഡി എം ഒ ഡോ. ജയശ്രീ, ഡി പി എം ഡോ. നവീൻ തുടങ്ങിയവരും സ്ഥലം സന്ദർശിച്ച് ഭൂമിയുടെ ലഭ്യത സംബന്ധിച്ച് ഉറപ്പുവരുത്തി. ആഗസ്റ്റ് 17 ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ ഭൂമിയും മറ്റെല്ലാ അനുബന്ധ സൗകര്യങ്ങളും കിനാലൂരിൽ ഒരുക്കി നൽകുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും 31 കിലോമീറ്ററും നിർദ്ദിഷ്ഠ മലയോര ഹൈവേയിൽ നിന്ന് എട്ടര കിലോമീറ്ററും മാത്രമാണ് കിനാലൂരിലേക്കുള്ളത്. വിദഗ്ധ ചികിത്സയും മെഡിക്കൽ പഠനവും സാധ്യമാകുന്ന എയിംസ് അനുവദിച്ചാൽ സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലും മണ്ഡലത്തിന്റെ വികസനത്തിലും അത് പുതിയ നാഴികക്കല്ലാവുമെന്നുറപ്പാണ്.
നേരത്തെ കിനാലൂർ എസ്റ്റേറ്റിലെ 308 ഏക്കർ സ്ഥലം വ്യവസായ വകുപ്പ് ഏറ്റെടുത്തപ്പോൾ കിനാലൂരിൽ വലിയ വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ വൻകിട സ്ഥാപനങ്ങളൊന്നും വന്നില്ലെങ്കിലും കുറേയധികം ചെറുകിട സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. എയിംസ് വന്നാൽ അത് പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

Exit mobile version