Site iconSite icon Janayugom Online

കിരാതന്‍ ഗോപിയും വാവരു സ്വാമിയും

കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞതിങ്ങനെ; ‘ആരാധകര്‍ കൂടിയാലുള്ള കുഴപ്പം എന്താണെന്നറിയാമോ, പുറത്തിറങ്ങി നടക്കാനാവില്ല. ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ദെെവത്തിനാണ്. അതുകൊണ്ടാവണം അദ്ദേഹം പുറത്തിറങ്ങാറേയില്ല.’ ശരിയാണ്; മോഹന്‍ലാലോ, മമ്മൂട്ടിയോ മഞ്ജുവാര്യരോ പോലെ സെലിബ്രിറ്റികള്‍ പുറത്തിറങ്ങിയാല്‍ ശര്‍ക്കരയില്‍ ഈച്ച പോലെയല്ലേ ആരാധകര്‍ വളയുന്നത്. ഒന്നു തൊട്ടുനോക്കാന്‍, ഒരു പുഞ്ചിരി കിട്ടാന്‍, വസ്ത്രത്തിലെങ്കിലും ഒന്നു തൊടാന്‍, അതവരുടെ കാര്യം. സുരേഷ് ഗോപിയും നല്ല നടനാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അഭിനയിക്കുന്ന മഹാനടന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിനുള്ളത് ആരാധകസമൂഹമല്ല, പ്രത്യുത ശത്രുസമൂഹം. നാക്കെടുത്താല്‍ നല്ലതുപറയാനറിയില്ല. മുട്ടിനുമുട്ടിന് കള്ളം പറഞ്ഞുകൊണ്ടേയിരിക്കും. കള്ളം പറയുന്നത് ശീലമാക്കിയവര്‍ സത്യം പറയാന്‍ ശ്രമിച്ചാലും അത് ചെന്നെത്തുന്നത് ഒരു മഹാ നുണയിലായിരിക്കും എന്ന് പണ്ടാരോ പറഞ്ഞത് സുരേഷ് ഗോപിയെ ഉദ്ദേശിച്ചായിരുന്നുവെന്നു കട്ടായം. പാതിനരച്ച താടിയൊക്കെ വടിച്ച് കുട്ടപ്പനായി ഇക്കഴിഞ്ഞ ദിവസം അവതരിച്ചപ്പോള്‍ ഇനിയൊരുപക്ഷേ ഇയാള്‍ നല്ലതുപറയുമെന്ന് ജനം നിരീച്ചതാണ്. എന്തുചെയ്യാന്‍ ‘കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ’ എന്നല്ലേ കവിവാക്യം. 

കഴിഞ്ഞ ദിവസം സുരേഷ് ഗോപി കിരാതം ഗോപിയുടെ വേഷം എടുത്തണിഞ്ഞു. വഖഫ് ബോര്‍ഡിന്റെ പേരുപോലും പറയാതെ ബോര്‍ഡിനെ കിരാതമെന്ന വിളിപ്പേരിട്ട സുരേഷ് ചീറ്റിയ മുസ്ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു. എങ്കിലും പൊലീസ് കേസെടുത്തില്ല. ഗോപിയുടെ സഹസംഘിയായ ബി ഗോപാലകൃഷ്ണനും കുറച്ചില്ല. ശബരിമലയില്‍ വാവര്‍ എന്ന ഒരു ചങ്ങായി പതിനെട്ടാംപടിക്കു താഴെ ഇരിപ്പുണ്ട്. അയാള്‍ നാളെ ശബരിമലയെ വഖഫ് ആയി പ്രഖ്യാപിച്ചാല്‍ അയ്യപ്പനും കുടിയിറങ്ങേണ്ടിവരില്ലേ. വേളാങ്കണ്ണി മാതാവിന്റെ ദേവാലയം വഖഫ് ആയി പ്രഖ്യാപിച്ചാല്‍ ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണി ദര്‍ശനമല്ലേ നിഷേധിക്കപ്പെടുക. മതസ്പര്‍ധയുണ്ടാക്കുന്ന വായ്ത്താരികള്‍ മുഴക്കിയ ഈ രണ്ട് മഹാന്മാര്‍ക്കുമെതിരെ പൊലീസ് ഒരു പെറ്റിക്കേസുപോലുമെടുത്തില്ലെന്നതാണ് കൗതുകകരം. തൃശൂര്‍ പൂരം കലങ്ങിയില്ല വെടിക്കെട്ടു മാത്രമേ വെെകിയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് തള്ളിക്കൊണ്ട് കലാപാഹ്വാനം നടത്തിയും മതസ്പര്‍ധവളര്‍ത്താന്‍ കരുക്കള്‍‍ നീക്കിയും പൂരം അലങ്കോലമാക്കിയതിന് കേസെടുത്ത പൊലീസാണ് വിഷവിത്തുകളായ സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും നടത്തിയ വിദ്വേഷ വിഷം ചീറ്റല്‍ കാണാതെ പോകുന്നത്.

ഭരണഘടന കാണാനില്ല എന്നു പറഞ്ഞ് നാളെ പുതിയ സംഘി ഭരണഘടനയുണ്ടാക്കാന്‍ കോടതിയെ സമീപിക്കുമോ എന്ന ആശങ്ക വളരുന്നു. സല്‍മാന്‍ റുഷ്‌ദിയുടെ ‘സാത്താന്റെ വചനങ്ങള്‍’ എന്ന കൃതി നിരോധിച്ചുകൊണ്ട് 88ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉത്തരവിട്ടു. മതവിദ്വേഷം പരത്തുന്നത് എന്നാരോപിച്ചായിരുന്നു ഉത്തരവ്. ഈ ഉത്തരവ് പ്രകാരം ‘സാത്താന്റെ വചനങ്ങള്‍’ ഇന്ത്യയിലേക്ക് കടത്തുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചു. ഇതിനെതിരെ സജീവ് ഖാന്‍ എന്ന പുസ്തകക്കച്ചവടക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചു. അപ്പോഴല്ലേ ട്വിസ്റ്റ്. രാജീവ് ഗാന്ധി പുറപ്പെടുവിച്ച ഉത്തരവ് കാണാനില്ലെന്നും അതിനാല്‍ ഇറക്കുമതി അനുവദിക്കാമെന്നുമായിരുന്നു മോഡി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഫയലുകളില്‍ നിന്ന് ഒരുത്തരവ് സ്വയം അപ്രത്യക്ഷമാവുന്ന വിദ്യ കണ്ടുപിടിച്ച മോഡിക്ക് നമോവാകം. ഉത്തരവ് കാണാതായതുവഴി ഒരു വെടിക്ക് രണ്ടു പക്ഷിയും വീഴുന്നു. ഇസ്ലാം വിരോധം വിളമ്പുന്ന ചെകുത്താന്‍ കിത്താബും പ്രചരിപ്പിക്കാം പുസ്തക ഇറക്കുമതിക്കാരനില്‍ നിന്നും ചിക്കിലിയും വാങ്ങാം!
നമ്മുടെ കുരുന്നുതലമുറ അസുരവിത്തുകളായി മാറുന്നോ. ശാസിച്ച അധ്യാപകനുനേരെ കളിത്തോക്കുചൂണ്ടിയ വിദ്യാര്‍ത്ഥി. കാട്ടാക്കട ബസ് സ്റ്റേഷനില്‍ ക്ലാസ് തിരിഞ്ഞ് പെണ്‍കുട്ടികള്‍ തമ്മില്‍ തെരുവുയുദ്ധം. ഇംപോസിഷന്‍ എഴുതാന്‍ പറഞ്ഞതിന് അധ്യാപികയുടെ നാഭിയില്‍ തൊഴിച്ച ഏഴാം ക്ലാസുകാരന്‍ ശിഷ്യന്‍. ഗുരുശിഷ്യബന്ധം പവിത്രതയില്‍ നിന്ന് ജീര്‍ണതയിലേക്ക് നിപതിക്കുന്നതിനെക്കുറിച്ച് ഹൈക്കോടതിക്ക് പോലും സഹതപിക്കേണ്ടിവന്നു. ഡസ്കില്‍ കാല്‍കയറ്റിവച്ചതിന് ശാസിച്ച അധ്യാപികയെ ആറാം ക്ലാസുകാരന്‍ ശിഷ്യന്‍ തെറിവിളിച്ചു. അരിശംപൂണ്ട അധ്യാപിക പയ്യന് ചൂരല്‍കൊണ്ട് ഒരടികൊടുത്തു. ഏത് മന്ത്രവാദി വന്നാലും തലപോകുന്നത് കോഴിക്കാണല്ലോ! വിദ്യാര്‍ത്ഥിമര്‍ദനത്തിന് അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഡസ്കിന്മേല്‍ കാല്‍കയറ്റി വയ്ക്കുന്നത് വീട്ടില്‍ മതി എന്നു ടീച്ചര്‍ പറഞ്ഞതിനായിരുന്നു ഈ പുകിലൊക്കെ. വീട്ടിലിരിക്കുന്നവരെ തെറിപറഞ്ഞതിനാണ് താന്‍ പ്രതികരിച്ചതെന്ന് ബാലകന്റെ മൊഴി. എന്തായാലും അധ്യാപികയെ കോടതി കുറ്റവിമുക്തയാക്കി. ഗുരുദക്ഷിണയായി ഒരു വിരല്‍ ചോദിച്ച ഗുരുവിന് മുന്‍പിന്‍ നോക്കാതെ പെരുവിരല്‍ അറുത്തുനല്‍കിയ ഏകലവ്യന്റെ ഭൂമികയിലാണ് ഇതെല്ലാം നടക്കുന്നതെന്നതിനാല്‍ ദുഃഖമുണ്ടെന്ന കോടതിവിധിയില്‍ എല്ലാം അടങ്ങിയിരിക്കുന്നുവെങ്കിലും ഇത്തരം ഒരു തലമുറ വളര്‍ന്നുവരുന്നത് നമ്മെ ഭയപ്പെടുത്തുന്നു. 

വിഖ്യാത പോപ്പ് ഗായകന്‍ മൈക്കിള്‍‍ ജാക്സണ്‍ തന്റെ ദേഹസംരക്ഷണത്തിന് 36‍ ഡോക്ടര്‍മാരെയാണ് നിയമിച്ചിരുന്നത്. ഹൃദയസംരക്ഷണത്തിന് ഏഴുപേര്‍, ശബ്ദനാള പരിശോധനയ്ക്ക് മൂന്നുപേര്‍, മസ്തിഷ്ക സംരക്ഷണത്തിന് രണ്ട് ഡോക്ടര്‍മാര്‍. എന്തിന് നഖത്തിന്റെയും പല്ലിന്റെയും പരിപാലനത്തിനും ഡോക്ടര്‍മാര്‍! പക്ഷേ, അമ്പതാം വയസില്‍ അദ്ദേഹം ജീവിതത്തില്‍ നിന്നും വിടചൊല്ലി. ഡോ. ഗൗരവ് ഗാന്ധി എന്ന വിശ്രുത ഡോക്ടര്‍ നാല്പത്തൊന്നാം വയസില്‍ ഹൃദ്രോഹം മൂലം കഴിഞ്ഞ വര്‍ഷം അന്തരിച്ചതിന്റെ ഓര്‍മ്മ വന്നപ്പോഴാണ് മൈക്കിള്‍ ജാക്സന്റെ വിയോഗവും ഓര്‍ത്തുപോയത്. വിജയകരമായി പതിനായിരത്തിലേറെ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടര്‍ ഹൃദയം മാറ്റിവയ്ക്കലിലും നിപുണനായിരുന്നു. ഒരുദിവസം അദ്ദേഹത്തിന് നേരിയ നെഞ്ചുവേദനയും തലചുറ്റലുമുണ്ടായി. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ കാര്യമായ കുഴപ്പമൊന്നുമില്ല. രാത്രിയായപ്പോള്‍ സ്ഥിതി വഷളായി. അന്ത്യശ്വാസം വലിക്കുകയും ചെയ്തു. ജനകീയ ഡോക്ടര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. ഡോ. ഗൗരവ് ഗാന്ധിക്ക് നമുക്കും നമോവാകം അര്‍പ്പിക്കാം.

Exit mobile version