Site iconSite icon Janayugom Online

കൈറ്റിന്റെ ‘എന്റെ സ്കൂൾ എന്റെ അഭിമാനം’; റീൽസ് മത്സരത്തിൽ നൂറു സ്കൂളുകൾക്ക് വിജയം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച ‘എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്. തിരുവനന്തപുരം ജില്ലയിലെ ജിവിഎച്ച്എസ് കരകുളത്തിനാണ് ഒന്നാം സമ്മാനം. അച്യുതവാര്യർ എച്ച്എസ്എസ്, പൊന്നാനി (മലപ്പുറം), എസ്എൻഡിപിഎച്ച്എസ് ഉദയംപേരൂർ (എറണാകുളം) സ്കൂളുകൾ രണ്ടാംസ്ഥാനവും ഇടയൂർ എഎംഎൽപിഎസ്(മലപ്പുറം), എച്ച്എംഎച്ച്എസ്എസ് പഴകുളം (കൊല്ലം) സ്കൂളുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു. ജിജിവിഎച്ച് എസ്എസ് ഫറോക്ക് (കോഴിക്കോട്), കൊച്ചു കൊട്ടാരം എൽപി സ്കൂൾ ഞണ്ട്പാറ (കോട്ടയം), ജിഎച്ച്എസ് വടശേരി (മലപ്പറം), എംകെഎച്ച്എംഎച്ച്എസ്എസ് മുക്കം (കോഴിക്കോട്) സ്കൂളുകൾ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. 

30,000, 20,000, 15,000 രൂപ വീതം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കും 10,000 രൂപ പ്രത്യേക പരാമർശത്തിന് അർഹമായ സ്കൂളുകൾക്കും ലഭിക്കും. മറ്റു 91 സ്കൂളുകക്ക് 5,000 രൂപ വീതം ലഭിക്കും. 26 സ്കൂളുകളുമായി മലപ്പുറം ജില്ലയാണ് വിജയികളിൽ ഏറ്റവും മുന്നിൽ. 14 സ്കൂളുകൾ എറണാകുളത്ത് നിന്നും 10 സ്കൂളുകൾ കാസര്‍കോടിൽ നിന്നും വിജയികളായി. കോഴിക്കോട് എട്ട്,പത്തനംതിട്ട ഏഴ്,പാലക്കാട് ആറ്,വയനാട്, കോട്ടയം അഞ്ച് വീതവും, ആലപ്പുഴ, കൊല്ലം, കണ്ണൂർ, തിരുവനന്തപുരം നാല് വീതവും, ഇടുക്കി രണ്ട്,തൃശൂർ ഒന്ന് എന്നിങ്ങനെയാണ് വിജയികളുടെ ജില്ലാ പ്രാതിനിധ്യം.
കൈറ്റ് സിഇഒ കെ അൻവർ സാദത്ത് ചെയർമാനും സി-ഡിറ്റ് മുൻ ജോയിന്റ് ഡയറക്ടർ കെ മോഹൻ കുമാർ, എസ്‌സിഇആർടി റിസർച്ച് ഓഫിസർ രാജേഷ് വള്ളിക്കോട്, ഡോക്യുമെന്ററി സംവിധായിക ചന്ദ്രലേഖ സി എസ്, കൈറ്റ് വിക്ടേഴ്സ് സീനിയർ ക്രിയേറ്റീവ് എ‍ഡിറ്റർ കെ മനോജ് കുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡുകൾ നിശ്ചയിച്ചത്. 15 ന് കൈറ്റിന്റെ പതിനാല് ജില്ലാ ഓഫിസുകളേയും ബന്ധിപ്പിച്ച് നടത്തുന്ന ചടങ്ങിൽ നൂറ് സ്കൂളുകളേയും ആദരിക്കുമെന്ന് കൈറ്റ് സി ഇഒകെ അൻവർ സാദത്ത് പറഞ്ഞു. 

Exit mobile version