Site iconSite icon Janayugom Online

കിവീസ് നിഷ്‌പ്രഭം; 168 റണ്‍സ് ജയത്തോടെ ഇന്ത്യക്ക് പരമ്പര

റണ്‍മഴ പെയ്ത മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് വന്‍ ജയത്തോടെ പരമ്പരനേട്ടം. 168 റണ്‍സിന്റെ വിജയമാണ് ഇന്ത്യ കിവീസിനെ നിഷ്പ്രഭമാക്കി നേടിയത്. തകര്‍പ്പന്‍ ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ സെഞ്ചുറിയോടെ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചു. 54 പന്തില്‍ സെഞ്ചുറി നേട്ടം കൈവരിച്ച ഗില്‍ മൂന്ന് ഫോര്‍മാ‌റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാം ഇന്ത്യന്‍ താരമെന്ന ചരിത്രവും കുറിച്ചു.

കഴിഞ്ഞവര്‍ഷം ഏഷ്യാകപ്പില്‍ അഫ്‌ഗാനെതിരെ 61 പന്തില്‍ 122 റണ്‍സ് നേടി വിരാട് കോലി നേടിയ ഇന്ത്യന്‍ താരത്തിന്റെ പേരിലെ ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഗില്‍ മറികടന്നു. 63 പന്തില്‍ 126 റണ്‍സ് നേടിയ ഗില്‍ പുറത്താകാതെ നിന്നു. 12 ഫോറും ഏഴ് സിക്‌സറുകളുമാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും ഇന്ന് പിറന്നത്. ടി20 സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഇതോടെ 23കാരനായ ഗില്‍ ആയി. 

നേരത്തെ ഏകദിന പരമ്പരയില്‍ ഇരട്ട സെഞ്ചുറി നേടിയ ഗില്ലിന് പിന്നീട് ആ ഫോമിലേക്ക് ഉയരാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനമുണ്ടായിരുന്നു. ഇതിന് യഥാര്‍ത്ഥത്തില്‍ മറുപടിയായി ഇന്നത്തെ ഇന്നിങ്സ്. ഇതിനിടെ ഇന്ന് ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ ടി20 സ്കോര്‍ എന്ന റെക്കോഡും അഹമ്മദാബാദില്‍ നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ പിറന്നു. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് ആണ് ഇന്ത്യ നേടിയത്. 

235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 10 റണ്‍സ് തികയും മുമ്പ് മുന്‍നിരയിലെ നാല് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്‌ടമായി. 35 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് ടോപ് സ്കോറര്‍. ഇടവേളകളില്‍ വിക്കറ്റുകള്‍ പൊഴിഞ്ഞതോടെ 12.3 ഓവറില്‍ കിവീസ് ഓള്‍ഔട്ടായി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റും അര്‍ഷദീപ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി. 

Eng­lish Sum­ma­ry; Kiwis are pas­sive; India won the series by 168 runs
You may also like this video

Exit mobile version