Site iconSite icon Janayugom Online

കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ

kneeknee

കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ എന്താണ് ശരിക്കും ചെയ്യുന്നത് എന്ന സംശയം പൊതുവേ രോഗികള്‍ ചോദിക്കാറുണ്ട്. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധി ആണ് കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു. എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്തി എന്ന പേരില്‍ കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്.

തേയ്മനം മൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോള്‍ ആണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്. പ്രായാനുപാതികമായ മാറ്റങ്ങളും അമിത ശരീരഭാരവും പേശികളുടെ ബലക്കുറവും മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് ഇതിന്റെ ഏറ്റവും സാധാരണമായ കാരണം. ഇതുകൂടാതെ രക്തസ്സംബന്ധമായ ആര്‍ത്രൈറ്റിസ് (rheuma­toid arthri­tis), അണുബാധ, പരിക്കുകള്‍ എന്നിവയും തെയ്മാനത്തിന് കാരണമാകാം.

വേദന മാത്രമല്ല, കാല് വളയുന്നതിനും തേയമാനം കാരണമാകുന്നു. ഏതെങ്കിലും ഒരു ഭാഗത്തുള്ള തരുണാസ്തി കൂടുതലായി തേയുന്നതാണ് വളവിന്റെ കാരണം . വേദന അകറ്റുകയും വളവ് നിവര്‍ത്തുകയും ചെയ്യുക എന്നതാണ് കാല്‍മുട്ട് ശസ്ത്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി എല്ലുകളുടെ അഗ്രഭാഗം അവശേഷിക്കുന്ന തരുണാസ്തിയോടുകൂടി മുറിച്ചു മാറ്റുന്നു. പകരം ലോഹ നിര്‍മ്മിതമായ ഇമ്പ്‌ളാന്റുകള്‍ ബോണ്‍ സിമന്റ് ഉപയോഗിച്ച് ഘടിപ്പിക്കുന്നു. ശേഷം അവയുടെ ഇടയില്‍ ചലനം സുഗമമാക്കുവാന്‍ മിനുസമേറിയതും എന്നാല്‍ കട്ടി കൂടിയതുമായ പോളി എത്തീലീന്‍ പ്ലാസ്റ്റിക് ഘടിപ്പിക്കുന്നു. പേശികളുടെയും ലിഗമെന്റുകളുടെയും മുറുക്കം അയച്ചു വിടുവാന്‍ ആവശ്യമായ കാര്യങ്ങളും അതോടൊപ്പം ചെയ്യുന്നു. വളവു നിവര്‍ത്തുവാന്‍ ആനുപാതികമായ അളവില്‍ ആയിരിക്കും ഇത് എല്ലാം ചെയ്യുക .

മുട്ട് തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് സന്ധി മാറ്റിവയ്ക്കുന്നത്. ഇതിനായി അരയ്ക്കു കീഴ്‌പോട്ട് മരവിപ്പിക്കുന്ന സ്‌പൈനല്‍ അനസ്‌തേഷ്യ ആണ് പൊതുവെ നല്‍കാറുള്ളത്. സാധാരണ ഗതിയില്‍ അടുത്ത ദിവസം തന്നെ രോഗിക്ക് കാല്‍ ഊന്നി നടക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞ് തുന്നലുകള്‍ എടുത്തതിനു ശേഷം മുറിവിന്റെ ഭാഗം നനയ്ക്കാം.
പ്രാരംഭ ഘട്ടത്തിലുള്ള തേയ്മാനം ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാവുന്നതാണ്. കാല്‍മുട്ടുകള്‍ക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിച്ച് പേശികളുടെ ബലം കൂട്ടുന്നതാണ് ഇതിനായുള്ള ശാസ്ത്രീയ മാര്‍ഗ്ഗം.

Exit mobile version