Site icon Janayugom Online

ലോക ഹൃദയ ദിനം ; ഹൃദയത്തെ അറിയാം .. ഹൃദയാരോഗ്യത്തിനായി നമുക്ക് പ്രയത്നിക്കാം .….

ഗോള തലത്തിൽ മാനവരാശിയുടെ വലിയൊരു വിഭാഗത്തെ ബാധിച്ച രോഗങ്ങളിൽ പ്രധാനമാണ് ഹൃദയാരോഗ്യ പ്രശ്നങ്ങൾ . ഹൃദയത്തെ ഉപയോഗിക്കാം .… ഹൃദയത്തെ അറിയാം … എന്നതാണ് ഈ വർഷത്തെ ലോക ഹൃദയദിന സന്ദേശം. ഒരു കുട്ടി ജനിക്കുന്നതിന് മുൻപ് ഭ്രൂണാവസ്ഥയിൽ തന്നെ മിടിച്ചു തുടങ്ങുന്നതാണ് ഹൃദയം. മരണം വരെ അത് നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ അവയവത്തിനെ ബാധിക്കുന്ന എത് രോഗവും ജീവന് ഭീഷണിയാണ്. അടുത്ത കാലത്തായി ഹൃദയ സംബന്ധമായ രോഗങ്ങള്‍ സമൂഹത്തില്‍ അമിതതോതില്‍ വര്‍ധിച്ചു വരികയാണ്. ജീവിത ശൈലിയടക്കമുള്ള നിരവധി ഘടകങ്ങള്‍ ഹൃദ്രോഗങ്ങള്‍ക്ക് ആക്കം കൂട്ടുമ്പോള്‍ അത് സൃഷ്ടിക്കുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടനയും യുനെസ്കോയും വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ചേര്‍ന്ന് എല്ലാ വര്‍ഷവും സെപ്തംബര്‍ മാസത്തിലെ അവസാനത്തെ ആഴ്ചയില്‍ ഒരു ദിവസം ലോക ഹൃദയാരോഗ്യദിനമായി (World Heart Day) ആചരിച്ചു വരുന്നത്.ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്നുള്ള മരണ സാധ്യതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഹൃദ്രോഗങ്ങള്‍ തടയാനുമാണ് ഈ ദിനം വഴി ലക്ഷ്യമിടുന്നത് . ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തില്‍ ഓരോ വര്‍ഷവും 17.9 ദശലക്ഷം ആളുകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കുന്നു.

ഹൃദ്രോഗരോഗത്തിന് ഏതിരെ ഫലപ്രദമായ പ്രതിരോധവുമായി ആരോഗ്യ വകുപ്പ് :

ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 25 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തി. ആകെ 25,27,333 പേരെ സ്‌ക്രീനിംഗ് നടത്തിയതില്‍ 18.42 ശതമാനം പേര്‍ (4,65,722) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 10.63 ശതമാനം പേര്‍ക്ക് (2,68,751) രക്താതിമര്‍ദ്ദവും, 8.52 ശതമാനം പേര്‍ക്ക് (2,15,450) പ്രമേഹവും, 3.82 ശതമാനം പേര്‍ക്ക് (96,682) ഇവ രണ്ടും സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കി .

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29-ാം തീയതിയാണ് ലോക ഹൃദയ ദിനമായി ആചരിക്കപ്പെടുന്നത്. ‘എല്ലാ ഹൃദയങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക’ (Use Heart for every heart) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. പ്രായഭേദമന്യേ എല്ലാ സാമ്പത്തിക ശ്രേണിയിലു ള്ളവര്‍ക്കും എല്ലാ പ്രദേശങ്ങളിലുള്ളവര്‍ക്കും ഹൃദയാരോഗ്യം പ്രദാനം ചെയ്യാനായി എല്ലാവരും മുന്നിട്ടിറങ്ങുക എന്നതാണ് ഈ ആഹ്വാനം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

ഏറെ ചെലവേറിയ ഹൃദയാരോഗ്യ ചികിത്സ എല്ലാവര്‍ക്കും പ്രാപ്യമാകും വിധമാണ് സംസ്ഥാന ആരോഗ്യവകുപ്പ് പ്രവര്‍ത്തിച്ച് വരുന്നത്. സ്വകാര്യമേഖലയിലും മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളിലും മാത്രം ലഭിച്ചികൊണ്ടിരുന്ന ഹൃദയ രോഗ ചികിത്സ ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ, ജനറല്‍ ആശുപത്രികളില്‍ നല്‍കുന്നതിനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ച് വരുന്നത്.

പ്രാഥമിക തലത്തില്‍ തന്നെ ഹൃദ്രോഗം കണ്ടെത്തുന്നതിന് ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിവരുന്നു. ദ്വിതീയ തലത്തില്‍ ഹൃദയാഘാതം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതിന് താലൂക്ക് ആശുപത്രികളില്‍ ട്രോപ്പ് ടി അനലൈസര്‍ വാങ്ങി നല്‍കിയിട്ടുണ്ട്. 13 ജില്ലകളില്‍ കാത്ത് ലാബ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അതില്‍ 3 ജില്ലകളില്‍ ഉടന്‍തന്നെ പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. ഇതുകൂടാതെ മെഡിക്കല്‍ കോളേജുകളിലും കാത്ത് ലാബ് ചികിത്സ ലഭ്യമാണ്.
ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന രോഗങ്ങളിലൊന്നാണ് ഹൃദ്രോഗം. പണ്ട് കാലങ്ങളിൽ പ്രായമേറിയവരിലും വ്യായാമമില്ലാത്തവരിലുമായിരുന്നു ഹൃദ്രോഗവും പക്ഷാഘാതവും കണ്ടിരുന്നത്. എന്നാൽ ഇന്ന് യുവാക്കളിലും ഇവ വ്യാപകമായി കണ്ടുവരുന്നുണ്ട്. കൃത്യമായ വ്യായാമം കൊണ്ടും ശരിയായ ആരോഗ്യ പരിപാലനത്തിലൂടെയും ഹൃദ്രോഗത്തെ നമുക്ക് ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.
വ്യായാമം ചെയ്യുന്നവരുടെ ഹൃദയം ഉന്മേഷഭരിതമായിരിക്കുകയും അതിലൂടെ രോഗസാധ്യത കുറയുകയും ചെയ്യുന്നു. വ്യായാമമില്ലാത്ത ഒരാള്‍ക്ക്‌ ചെറിയ ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടായാല്‍ പോലും അത് ഗുരുതരമായി മാറും. പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, പൊണ്ണത്തടി ഇവയെല്ലാം വ്യായാമമില്ലാത്തവരില്‍ കാണപ്പെടുന്ന രോഗങ്ങളാണ്‌. ഇവയും ഹൃദ്രോഗത്തിന്‌ കാരണമായിത്തീരുന്നു.

Exit mobile version