ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് ഇന്ന് തിരിതെളിയും. വൈകുന്നേരം 5.30 ന് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി മേയർ വി.കെ മിനിമോൾ രണ്ടാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ജെയിൻ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഏറെ ശ്രദ്ധേയമായ ജെയിൻ ആക്സിലറേറ്ററിന്റെ ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം നടത്തും. ജില്ലാ കളക്ടർ ജി പ്രിയങ്ക ഐഎഎസ്, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുരുന്തിൽ എന്നിവർ വിശിഷ്ടാതിഥികളാകും.
ഫ്യൂച്ചർ കേരള മിഷൻ ചീഫ് ഫെസിലിറ്റേറ്ററും ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടറുമായ ഡോ. ടോം ജോസഫ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളമ്പിള്ളി, കിൻഫ്ര ഡയറക്ടർ സാബു ജോർജ്, പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ ലത എന്നിവർ പങ്കെടുക്കും. ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നുവരെയാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ നടക്കുക. സമ്മിറ്റിന്റെ പ്രധാന രണ്ട് വേദികളായ ആൽഫ,ബീറ്റ എന്നിവ കിൻഫ്ര കൺവെൻഷൻ സെന്ററിലാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ, ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിലും ചർച്ചകളും ഫെസ്റ്റിവൽ വില്ലേജും ഉണ്ടാകും.
വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സംരംഭകത്വം, പരിസ്ഥിതി തുടങ്ങി ഏഴ് വ്യത്യസ്ത മേഖലകളിലായി നാനൂറിലധികം അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്ന ഇരുന്നൂറിലധികം സെഷനുകളാണ് ഉച്ചകോടിയുടെ ഭാഗമായുള്ളത്. രണ്ട് ലക്ഷത്തിലധികം സന്ദർശകരെ പ്രതീക്ഷിക്കുന്ന ഈ സംഗമത്തിൽ അമ്പതിലധികം മാസ്റ്റർ ക്ലാസുകളും വർക്ഷോപ്പുകളും നടക്കും. പുതിയ തലമുറയുടെ മാറ്റങ്ങൾ ചർച്ച ചെയ്യുന്ന ‘ജൻസി ലിംഗോ ലാബ്’, ബന്ധങ്ങളെക്കുറിച്ചുള്ള ‘അരികെ’, സാധാരണക്കാർക്ക് ശബ്ദം നൽകുന്ന ‘പീപ്പിൾസ് സ്റ്റേജ്’ എന്നിവ ഇത്തവണത്തെ പ്രത്യേകതകളാണ്. വിജ്ഞാനത്തിനൊപ്പം വിനോദത്തിനും വലിയ പ്രധാന്യം നൽകുന്ന സമ്മിറ്റിൽ കൊച്ചി ആദ്യമായി സാക്ഷ്യം വഹിക്കുന്ന തുടർച്ചയായ നാലു ദിവസത്തെ ഡ്രോൺ ഷോ പ്രധാന ആകർഷണമായിരിക്കും.
ലോകോത്തര വാഹന ബ്രാൻഡുകൾ അണിനിരക്കുന്ന ഫെസ്റ്റിവൽ ഓഫ് സ്പീഡ് എന്ന ഓട്ടോ എക്സ്പോ, നൂതന റോബോട്ടിക്സ് സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന റോബോവേഴ്സ്, ഇ‑സ്പോർട്സ് മത്സരങ്ങൾ അരങ്ങേറുന്ന ഗെയിം വേഴ്സ് എന്നിവ സന്ദർശകർക്ക് വേറിട്ട അനുഭവം നൽകും. കൂടാതെ കേരളത്തിലെ ഉത്സവപ്പറമ്പുകളുടെ പ്രതീതി നൽകുന്ന ഫെസ്റ്റിവൽ വില്ലേജ്, ഫ്ലീ മാർക്കറ്റുകൾ, ഡിസൈൻ ഫെസ്റ്റിവൽ, ഫാഷൻ ഷോ എന്നിവയും സജ്ജമാണ്. തത്സമയ സംഗീത പരിപാടികൾക്കായി ജോണിറ്റ, നികിത ഗാന്ധി, അറിവ് , യോഗി ശേഖർ, വൈൽഡ് വൈൽഡ് വുമൺ, റിഷ് എൻകെ, സെബ റ്റോമി, സഫ്വാൻ, റോബർട്ട് ഫാൽക്കൺ, നീന സ്യുർട്ടെ, ഒളി എസ്സെ തുടങ്ങി അമ്പതിലധികം പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സംഗീത നിശകളും ഇത്തവണത്തെ മാറ്റുകൂട്ടും.

