മൂന്ന് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ ഇന്ത്യയിലെ ആറു തീര നഗരങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് റിപ്പോര്‍ട്ട്. 2050ഓടെ മുംബൈ, മംഗളുരു, ചെന്നൈ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളും വെള്ളത്തിനടിയിലാകുമെന്ന് ആഗോള ഗവേഷണ സ്ഥാപനമായ ആര്‍എംഎസ്ഐയുടെ പഠനത്തില്‍ വ്യക്തമാക്കുന്നു. മുംബൈയിലെ ഹാജി അലി ദര്‍ഗ, ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റ്, വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ, ബാന്ദ്ര‑വേര്‍ളി സീ ലിങ്ക്, ക്വീന്‍സ് നെക്‌ലേസ് തുടങ്ങിയവ ദുരന്തമുഖത്താണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭാ ഇന്റര്‍ഗവണ്‍മെന്റല്‍ സമിതി (ഐപിസിസി) യുടെ 2021ലെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തിയാണ് ആര്‍എംഎസ്ഐ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കൊച്ചിയിലെ 464 കെട്ടിടങ്ങൾ വെള്ളത്തിനടിയിലാകും. ഉയർന്ന വേലിയേറ്റ സമയത്ത് ഇത് 1,502 കെട്ടിടങ്ങളായി ഉയരും. തിരുവനന്തപുരത്ത് 349 കെട്ടിടങ്ങൾ വെള്ളത്തിനടിയിലാകും. ഉയർന്ന വേലിയേറ്റ സമയത്ത് 387 കെട്ടിടങ്ങളായി നാശനഷ്ടം ഉയരും. വിശാഖപട്ടണത്ത് 206 കെട്ടിടങ്ങളും ഒമ്പത് കിലോമീറ്റർ റോഡ് ശൃംഖലയും വെള്ളത്തിനടിയിലാകും.
മുംബൈയിൽ 998 കെട്ടിടങ്ങളും 24 കിലോമീറ്റർ പരിധിയിലുള്ള റോഡും വെള്ളത്തിനടിയിലാകും. ഇത് വേലിയേറ്റ സമയത്ത് 2,490 കെട്ടിടങ്ങളും 126 കിലോമീറ്റർ റോഡ് ശൃംഖലയുമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2050 ഓടെ ഇന്ത്യയിലെ സമുദ്രനിരപ്പ് വന്‍തോതില്‍ ഉയരുമെന്നാണ് ഐപിസിസി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. വടക്കേ ഇന്ത്യന്‍ സമുദ്രങ്ങളില്‍ 1874 മുതല്‍ പ്രതിവര്‍ഷം 1.06–1.75 മില്ലീമീറ്റര്‍ വരെയാണ് സമുദ്രനിരപ്പില്‍ വര്‍ധനവ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടെ ഇത് പ്രതിവര്‍ഷം 3.3 മില്ലിമീറ്റര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നതായും ഐപിസിസി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
English Summary:Kochi and Thiruvananthapuram will be under water in three decades
You may also like this video