Site iconSite icon Janayugom Online

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി; പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിന്റെ നിര്‍മ്മാണം സെപ്റ്റംബറില്‍ തുടങ്ങും

കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കും. പാലക്കാടിനെ ഒരു വ്യാവസായിക സ്മാര്‍ട്ട് ടൗണ്‍ഷിപ്പായി മാറ്റാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 1300 കോടി രൂപയുടെ (ജി എസ് ടി ഉള്‍പ്പടെ) ടെന്‍ഡര്‍ നടപടികള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കും.

 

ടെന്‍ഡര്‍ നടപടികള്‍ക്ക് ശേഷം 42 മാസം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയ വ്യാവസായിക ഇടനാഴി പദ്ധതിയുടെ ഭാഗമായി നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോകോത്തര നിലവാരമുള്ള വ്യാവസായിക നഗരങ്ങള്‍ ഇന്ത്യയില്‍ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Exit mobile version