Site iconSite icon Janayugom Online

കൊച്ചി മേയർ പ്രഖ്യാപനം; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ

കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പരസ്യ പ്രതിഷേധം ഉയർത്തിയ ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ എംഎൽഎ. രാഷ്ട്രീയത്തിൽ ആർക്കും ആരെയും എന്നെന്നേക്കുമായി മാറ്റിനിർത്താനാവില്ലെന്നും ഒരു വാതിൽ അടയുമ്പോൾ മറ്റനേകം വാതിലുകൾ തുറക്കപ്പെടുമെന്നും ദീപ്തിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു.

വി കെ മിനിമോൾ, ഷൈനി മാത്യു എന്നിവർക്ക് രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കിട്ടു നൽകാനുള്ള ഡിസിസി തീരുമാനത്തിനെതിരെയാണ് ദീപ്തി മേരി വർഗീസ് കലാപക്കൊടി ഉയർത്തിയത്. തന്നെ ബോധപൂർവം ഒഴിവാക്കിയതാണെന്നും കെപിസിസി മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് തീരുമാനമെടുത്തതെന്നും ദീപ്തി ആരോപിക്കുന്നു. രഹസ്യ വോട്ടെടുപ്പ് നടത്തിയില്ലെന്നും ജില്ലക്ക് പുറത്തു നിന്നുള്ള നേതാക്കൾ വോട്ടെടുപ്പിന് വന്നില്ലെന്നും ദീപ്തി വ്യക്തമാക്കി. ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അടക്കം ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചെന്നും ദീപ്തിയുടെ പരാതിയിലുണ്ട്.

കെ പി സി സി സർക്കുലർ തെറ്റിച്ചാണ് മേയറെ തെരഞ്ഞെടുത്തതെന്നാണ് ദീപ്തി മേരി വർഗീസ് പറഞ്ഞത്. കെ പി സി സിയുടെ നിരീക്ഷകൻ എത്തി കൗൺസിലർമാരെ കേൾക്കണം എന്നാണ് സർക്കുലറിൽ ഉള്ളത്. കൗൺസിലർമാരിൽ കൂടുതൽ പേര് അനുകൂലിക്കുന്ന ആളെ മേയർ ആക്കണം എന്നതാണ് പാർട്ടി നിലപാട്. എന്നാൽ കൊച്ചിയിൽ അതുണ്ടായില്ലെന്നും ആരോപണമുണ്ട്. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്‍റേഷനും എൻ വേണുഗോപാലും ആണ് കൗൺസിലർമാരെ കേട്ടതെന്നും ഇവർ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസനീയമാണെന്നും ദീപ്തി വ്യക്തമാക്കി.

Exit mobile version