Site iconSite icon Janayugom Online

ഫ്യൂവൽ സ്റ്റേഷനുകളുമായി കൊച്ചി മെട്രോ; ലക്ഷ്യം ടിക്കറ്റിതര വരുമാനം വർധിപ്പിക്കല്‍

ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി കൊച്ചി മെട്രോ ഫ്യൂവൽ സ്റ്റേഷൻ ആരംഭിക്കുന്നു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബിപിസിഎൽ ) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കളമശേരി മെട്രോ സ്റ്റേഷനു സമീപമാണ് ആദ്യത്തെ അത്യാധുനിക ഫ്യൂവൽ സ്റ്റേഷൻ
നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. 26,900 ചതുരശ്രയടി വിസ്തീർണത്തിലാണ് പമ്പ് പ്രവർത്തിക്കുന്നത്. സുസ്ഥിരവും യാത്രാ സൗഹൃദവുമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്ന ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായാണ് ഇത്തരം സൗകര്യങ്ങൾ കൊച്ചി മെട്രോ ഏർപ്പെടുത്തുന്നത് എന്ന് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. 

ഡീസലിനും പെട്രോളിനും പുറമെ പമ്പിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. സിഎൻജി, നൈട്രജൻ ഫില്ലിംഗിനുള്ള സൗകര്യവും ഉടനെ ഏർപ്പെടുത്തും. അഞ്ച് മൾട്ടി പ്രോഡക്ട് ഡിസ്പെൻസേഴ്സാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരേ സമയം 25 വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഫ്യൂവൽസ്റ്റേഷനോടനുബന്ധിച്ച് വാണിജ്യ സമുച്ചയം, ഫുഡ് കോർട്ട്, പാർക്കിംഗ് സൗകര്യം തുടങ്ങിയവ സജ്ജമാക്കി വികസിപ്പിക്കാനും പദ്ധതിയുണ്ട്. കുടുംബശ്രീയുമായി സഹകരിച്ചാണ് മനുഷ്യവിഭവശേഷി സജ്ജമാക്കിയിരിക്കുന്നത്. 24 മണിക്കൂറും സേവന സന്നദ്ധമായ പമ്പിൽ 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് പ്രവർത്തിക്കുന്നത്. 

19 ന് വൈകിട്ട് മൂന്നിന് വ്യവസായ മന്ത്രി പി രാജീവ് ഫ്യൂവൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യും.
ഹൈബി ഈഡൻ എംപി അധ്യക്ഷനായിരിക്കും. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബഹ്റ, കളമശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ, കൗൺസിലർ ഹജാറ ഉസ്മാൻ, കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ (ഐ/സി) ശങ്കർ എം, ബിപിസിഎൽ ഹെഡ് റീറ്റെയ്ൽ സൗത്ത് രവി ആർ സഹായ്, സ്റ്റേറ്റ് ഹെഡ് (റീറ്റെയ്ൽ) കേരള, ഹരി കിഷെൻ വി ആർ തുടങ്ങിയവർ സന്നിഹിതരായിരിക്കും.

Exit mobile version