യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുതിപ്പുമായി കൊച്ചി വാട്ടർ മെട്രോ. വിദേശ സഞ്ചാരികളുടെ എണ്ണം വർധിച്ചതും വാട്ടർ മെട്രോയ്ക്ക് നേട്ടമായി. ഓഫിസ്, പഠനം മറ്റ് ആവശ്യങ്ങൾക്കായി പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണത്തെക്കാൾ വിദേശീയരും തദ്ദേശീയരുമായ വിനോദ സഞ്ചാരികളുടെ എണ്ണമാണ് കൂടുതലെന്ന് അധികൃതർ പറഞ്ഞു.
13,261 യാത്രക്കാരാണ് കഴിഞ്ഞദിവസം വാട്ടർ മെട്രോയിൽ വിവിധ ടെർമിനലുകളിൽ നിന്നും യാത്ര ചെയ്തത്. കാര്യക്ഷമവും പരിസ്ഥിതിസൗഹൃദവുമായ യാത്ര അനുഭവേദ്യമാകുന്ന വാട്ടർ മെട്രോയിലുള്ള വിശ്വാസത്തിന്റെ വ്യക്തമായ സൂചന കൂടിയാകുകയാണ് യാത്രക്കാരുടെ എണ്ണത്തിലുള്ള ഈ കുതിപ്പ്. മേഖലയിലെ നഗരഗതാഗതത്തെ മാറ്റുന്നതിന് പുറമെ യാത്രക്കാരുടെ എണ്ണം റെക്കോഡുകൾ തകർക്കുന്നത് വരുമാന വർധനവിനും കാരണമാകും.
വൈറ്റില, ഹൈക്കോടതി, വൈപ്പിൻ, കാക്കനാട്, ഫോർട്ട് കൊച്ചി ടെർമിനലുകൾക്ക് പുറമെ സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ, നോർത്ത് മുളവുകാട് ടെർമിനലുകൾ കൂടി പ്രവർത്തനക്ഷമമായതോടെ മൊത്തം ടെർമിനലുകളുടെ എണ്ണം ഒമ്പതായി. റൂട്ടുകളുടെ എണ്ണവും ഉയർന്നതോടെ കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്രദമായി മാറിയതാണ് വാട്ടർ മെട്രോയ്ക്ക് വലിയ സ്വീകാര്യത നൽകിയത്.
യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് പ്രതിദിനം 202 ട്രിപ്പുകളാണ് വാട്ടർ മെട്രോ വിവിധ ടെർമിനലുകളിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. നിലവിൽ ഹൈക്കോർട്ട് ജങ്ഷനിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് മാത്രം അധികമായി 40 ട്രിപ്പുകൾ നടത്തിയെന്നാണ് അധികൃതരുടെ കണക്ക്. ഹൈക്കോർട്ട് ജങ്ഷനില്‍ നിന്ന് രാവിലെ 8.15നും വൈപ്പിനിൽ നിന്ന് രാവിലെ 8.40നുമാണ് ആദ്യ ട്രിപ്പ്.
ഫോർട്ട് കൊച്ചി, സൗത്ത് ചിറ്റൂർ എന്നിവിടങ്ങളിലേക്ക് 40 രൂപയും വൈപ്പിനിലേക്ക് 40 രൂപയുമാണ് നിരക്ക്. രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റ് എടുക്കണം. ഫോർട്ട് കൊച്ചിയാണ് വിദേശീയരടക്കം കൂടുതൽ പേരും തെരഞ്ഞെടുക്കുന്ന റൂട്ട് എന്ന് അധികൃതര്‍ പറയുന്നു.