Site iconSite icon Janayugom Online

സ്വന്തം എംപിയെ ‘മാറ്റി’ യുഡിഎഫ്; കൊടിക്കുന്നില്‍ പ്ലിങ്…

അഖിലേന്ത്യാ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് എന്തിനും പോന്നൊരാള്‍ ഉണ്ടെന്ന് വീമ്പിളക്കിയ കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് സ്വന്തം മണ്ഡലത്തില്‍ ജനാധിപത്യത്തെപ്പോലും അമ്പരപ്പിക്കുന്ന തിരിച്ചടി. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെടുന്ന ൺറോതുരുത്ത് പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയാണ് പണിപറ്റിച്ചത്. സ്വന്തം നിയോജകമണ്ഡലത്തിലെ എംപിയെ മാറ്റി, കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനെ ഗ്രാമ പഞ്ചായത്ത് ആശുപത്രിയുടെ മാനേജിങ് കമ്മിറ്റി അംഗമാക്കി. ചട്ടപ്രകാരം കൊടിക്കുന്നില്‍ സുരേഷ് ആണ് കമ്മിറ്റിയില്‍ അംഗമാകേണ്ടിയിരുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന കമ്മിറ്റിയിലാണ് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാറും സെക്രട്ടറിയും എൻ കെ പ്രേമചന്ദ്രനെ സ്ഥിരം ക്ഷണിതാവാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. എംപിയായി ജയിച്ച ശേഷം കൊടിക്കുന്നിൽ സുരേഷ് മൺറോതുരുത്ത് പഞ്ചായത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന പരാതി പ്രദേശത്തെ ജനങ്ങൾക്കിടയിലുമുണ്ട്. രാഷ്ട്രീയഭേദമെന്യേ എംപിക്കെതിരെ പഞ്ചായത്തിൽ നിലനിൽക്കുന്ന അതൃപ്തിയാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് പ്രകടിപ്പിച്ചതെന്ന അഭിപ്രായം സോഷ്യൽമീഡിയയിൽ വലിയൊരു വിഭാഗം പങ്കുവയ്ക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിലടക്കം യുഡിഎഫ് തീരുമാനത്തിന് വലിയ പ്രചാരണമാണ് ലഭിക്കുന്നത്. പഞ്ചായത്തിലേക്ക് തന്നെ തിരിഞ്ഞുനോക്കാത്ത ഒരു ആളെ എങ്ങനെ സ്വന്തം എംപിയായി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയില്‍ എടുക്കുമെന്ന ചോദ്യമാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തില്‍ നിന്ന് ഉയരുന്നത്. കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന് തന്നെ തലവേദനയുണ്ടാക്കുന്ന ആഭ്യന്തര കലാപത്തിനൊരുങ്ങുന്ന കൊടിക്കുന്നിലിനെതിരെ ബോധപൂര്‍വമാകാം ഈ തീരുമാനമെന്നും ഒരു വിഭാഗം സംശയിക്കുന്നുണ്ട്. പ്രേമചന്ദ്രനാണെങ്കില്‍ ബിജെപി സര്‍ക്കാരിന്റെ നുണപ്രചാരണ വാഹകനായെങ്കിലും സംസ്ഥാനത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റിനെതിരെ നിലകൊള്ളുകയും ചെയ്യുന്നു. മൺറോതുരുത്ത് പഞ്ചായത്തിലെ കോണ്‍ഗ്രസുകാര്‍ കൊടിക്കുന്നിലിനെ തള്ളിയതില്‍ അതിശയമില്ലെന്നാണ് മറ്റുചിലര്‍ പറയുന്നത്.

Eng­lish Sam­mury: Kodikun­nyl Suresh MP dropped from hos­pi­tal man­age­ment committee

Exit mobile version