സാഗരത്തേയും, ജനസാഗരത്തേയും സാക്ഷിയാക്കി കോടിയേരിബാലകൃഷ്ണന്‍റെ ഭൗതീക ശരീരം പയ്യാമ്പലത്ത് അഗ്നി ഏറ്റുവാങ്ങി. പ്രിയ നേതാക്കളായ ചടയന്‍ ഗോവിന്ദന്റെയും, ഇ കെ നായനാരുടേയും മധ്യത്തില്‍ കോടിയേരി അന്ത്യവിശ്രമം കൊള്ളും. മുന്‍ സംസ്ഥാന ആഭ്യന്തര മന്ത്രികൂടിയായ അദ്ദേഹത്തിന് ഔദ്യോഗിക ബഹുമതികളോടെയാണ് യാത്രയാക്കിയത്.
ജനലക്ഷങ്ങളുടെ ആദരം ഏറ്റുവാങ്ങിയാണ് ജനനായകന്‍ വിട വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കന്‍മാര്‍ , അണിചേര്‍ന്നാണ് വിലാപയാത്രായായി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയത്. കണ്ണീരണിഞ്ഞാണ് കണ്ണൂര്‍ ഈ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. കണ്ണൂരിന്റെ ത്രസിപ്പിക്കുന്ന രാഷ്ട്രീയ ഭൂമികയില്‍ നിന്ന് കേരളത്തിന്റെ നേതാവായി മാറിയ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തിയത്.ചരിത്രമുറങ്ങുന്ന പയ്യാമ്പലത്തിന്റെ മണ്ണില്‍ കോടിയേരി മറ്റൊരു ചരിത്രമായി മാറി. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്.
ഇരുവരും സിപിഐഎം സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയും.അർബുദത്തെ തുടർന്ന് ശനി രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയിൽ അന്തരിച്ച കോടിയേരിയുടെ മൃതദേഹം പകൽ പന്ത്രണ്ടരയോടെയാണ് ചെന്നൈയിൽനിന്ന് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചത്. അവിടെ ജനാവലി മുദ്രാവാക്യം വിളികളോടെ ഏറ്റുവാങ്ങി. ഭാര്യ വിനോദിനി, മകൻ ബിനീഷ്, മരുമകൾ റിനീറ്റ എന്നിവരും എയർ ആംബുലൻസിൽ ഒപ്പം ഉണ്ടായിരുന്നു.പ്രിയ നേതാവ് നടന്നുമുന്നേറിയ വഴികളിലാകെ ചുവന്ന പൂക്കൾ വിതറി സഖാക്കൾ അന്ത്യദർശനത്തിനായി കാത്തിരുന്നു.
വാഹനത്തിൽ വിലാപയാത്രയായി തലശേരിയിലേക്ക് കൊണ്ടുവന്ന മൃതദേഹത്തിൽ മട്ടന്നൂരിലും കൂത്തുപറമ്പിലും കതിരൂരിലുമടക്കം പതിനാല് കേന്ദ്രത്തിൽ ജനാവലി ആദരാഞ്‌ജലി അർപ്പിച്ചു.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തങ്ങളുടെ പ്രിയനേതാവിന് ഒരുനോക്കു കാണുവാനുള്ള ജനങ്ങളുടെ ഒഴുക്കായിരുന്നു.ടൗൺ ഹാൾ മുറ്റത്ത് ഐജി ടി വിക്രമിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി.
രാത്രിയോടെ കോടിയേരി ഈങ്ങയിൽപീടികയിലെ വീട്ടിലേക്ക് മൃതദേഹം മാറ്റി. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി പ്രിയസഖാവിന് അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ 10 വരെ വീട്ടിലും തുടര്‍ന്ന് 11 മുതൽ രണ്ടുവരെ സിപിഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും പൊതു ദർശനമുണ്ടായിരുന്നു.കണ്ണൂരിൻറെ ത്രസിപ്പിക്കുന്ന രാഷ്ട്രീയ ഭൂമികയിൽ നിന്ന് കേരളത്തിൻറെ നേതാവായി മാറിയ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് എത്തിയത്.