സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ഏറെക്കാലമായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് രാത്രി എട്ടരയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആരോഗ്യപ്രശ്നംകൂടി കണക്കിലെടുത്ത് ഇടക്കാലത്ത് സെക്രട്ടറിയുടെ ചുമതലയിൽനിന്ന് ഒഴിഞ്ഞുനിന്നെങ്കിലും കഴിഞ്ഞ സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് ചേർന്ന പാർട്ടി സെക്രട്ടേറിയേറ്റ് യോഗത്തില്‍ വച്ച് വീണ്ടും സ്ഥാനമൊഴിഞ്ഞ് എം വി ഗോവിന്ദനെ പകരക്കാരനായി നിശ്ചയിച്ചു. 2015 ഫെബ്രുവരി 23നാണ് ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽവച്ച് ആദ്യമായി പാർട്ടി സെക്രട്ടറിയാവുന്നത്. 2018 ഫെബ്രുവരി 26ന് തൃശൂരിലും 2022 മാർച്ച് നാലിന് കൊച്ചിയിലും നടന്ന സംസ്ഥാന സമ്മേളനങ്ങളിൽ സെക്രട്ടറി പദവിൽ കോടിയേരിയെ നിലനിർത്തി. 1988 ൽ സംസ്ഥാന കമ്മിറ്റിയിലും 2002ൽ കേന്ദ്ര കമ്മിറ്റിലും അംഗമായി. 1990 മുതൽ 95 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു.
പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു. 2006 മുതൽ 2011 വരെ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ചിരുന്നു. തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനരംഗത്ത് സജീവമാകുന്നത്. കോടിയേരിയിലെ ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളജിൽ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി. ഈ സമയത്ത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. 1980 മുതൽ 1982 വരെ ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്നു.
കണ്ണൂർ കല്ലറ തലായി എൽപി സ്കൂൾ അധ്യപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16നാണ് ജനനം. സിപിഐ(എം) നേതാവും തലശേരി മുൻ എംഎൽഎയുമായ എം വി രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റർ ജീവനക്കാരിയുമായ എസ് ആർ വിനോദിനിയാണ് ഭാര്യ. മക്കൾ ബിനോയ്, ബിനീഷ്. മരുമക്കൾ ഡോ. അഖില, റിനീറ്റ.