Site iconSite icon Janayugom Online

കോടിയേരിയുടെ മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു

ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട കോടിയേരി ബാലകൃഷ്‌ണ‌ന്റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തി. ഭാര്യ വിനോദിനി, മകന്‍ ബിനീഷ്, മരുമകള്‍ റിനീറ്റ എന്നിവരും മൃതദേഹത്തെ അനുഗമിച്ചിരുന്നു. 

വിമാനത്താവളത്തില്‍ നേതാക്കളുടെയും റെഡ് വോളണ്ടിയര്‍മാരുടേയും സാന്നിധ്യത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും. ജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാന്‍ അവസരമൊരുക്കുന്നതിനായി വിലാപയാത്ര പതിനാല് കേന്ദ്രങ്ങളില്‍ നിര്‍ത്തും. കണ്ണൂര്‍ ജില്ലയില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ജില്ലയിലുള്ളവര്‍ പയ്യാമ്പലത്തേക്ക് വരരുതെന്നും മട്ടന്നൂര്‍ മുതല്‍ തലശേരി വരെ 14 കേന്ദ്രങ്ങളില്‍ വിലാപയാത്ര നിര്‍ത്തുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അറിയിച്ചു. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക.തുടര്‍ന്ന് ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

തുടര്‍ന്ന് മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടു പോകും. തിങ്കളാഴ്ച രാവിലെ 10 മണി വരെ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുളളത്. . ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴുകിയെത്തും. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. സംസ്‌കാരം നാളെ വൈകിട്ട് പയ്യാമ്പലത്ത് മൂന്ന് മണിക്ക് നടക്കും.

Eng­lish Sum­ma­ry: Kodiy­er­i’s body was brought to Kan­nur airport
You may also like this video:

Exit mobile version