അന്തരിച്ച സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ഇന്ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്കരിക്കും. ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ ഇന്നലെ ഉച്ചയോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. അവിടെനിന്ന് വിലാപയാത്രയായി തലശേരിയിലേക്ക് കൊണ്ടുവന്നു.
ആയിരങ്ങളാണ് ജനനായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാത്രിയിലും എത്തിക്കൊണ്ടിരിക്കുന്നത്. മട്ടന്നൂരില്‍ നിന്ന് തലശേരിയിലേക്കുള്ള വിലാപയാത്രക്കിടെ ടൗണിലും നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍ ആറാംമൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. വൈകിട്ട് മൂന്നരയോടെയാണ് തലശേരി ടൗണ്‍ഹാളില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, വിവിധ കക്ഷിനേതാക്കള്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും ആയിരക്കണക്കിനാളുകളും തങ്ങളുടെ പ്രിയസഖാവിന് അന്ത്യാഭിവാദ്യമര്‍പ്പിച്ചു.
ഇന്ന് രാവിലെ 10 മുതല്‍ മാടപ്പീടികയിലെ കോടിയേരിയുടെ വസതിയിലും 11 മുതല്‍ സിപിഐ (എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നിനാണ് പയ്യാമ്പലത്ത് സംസ്കാരച്ചടങ്ങുകള്‍ നടക്കുക. പയ്യാമ്പലം കടപ്പുറത്തും പരിസരങ്ങളിലും സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടത്തിനും പൊലീസ് മേധാവിക്കും സംസ്ഥാന പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
English Summary:Kodiyeri’s cremation today at Payyambalam
You may also like this video