Site iconSite icon Janayugom Online

‘ഗതിശക്തി‘യിൽ നിന്ന് കൊടുങ്ങല്ലൂർ പുറത്ത്; തീരദേശ റെയിൽപാത വഴിമുട്ടി

railway trackrailway track

പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലുൾപ്പെടുത്തി റെയിൽ ലൈൻ സ്ഥാപിക്കാൻ സംസ്ഥാനത്തു നിന്ന് തെരഞ്ഞെടുത്ത നാല് നഗരങ്ങളെയും തഴഞ്ഞതോടെ, അതിലൊന്നായ കൊടുങ്ങല്ലൂർ വഴിയുള്ള തീരദേശ പാത എന്ന ചിരകാലാഭിലാഷത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ആശങ്ക പ്രബലമായി.
അരലക്ഷത്തിനു മേൽ ജനസംഖ്യയുള്ള രാജ്യത്തെ മുഴുവൻ നഗരങ്ങളിലേക്കും റെയിൽ ഗതാഗതം ഉറപ്പ് വരുത്താനുള്ള പദ്ധതിയിലേക്കാണ് മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നീ നഗരങ്ങളെ തെരഞ്ഞെടുത്തത്. ലൈൻ ലാഭകരമായിരിക്കില്ലെന്നും തീരദേശ മേഖലയായതിനാൽ നിർമ്മാണച്ചെലവ് കൂടുതലാകുമെന്നുമാണ് തീരദേശ പാതയെ സംബന്ധിച്ച് റയിൽവേയുടെ കണ്ടെത്തൽ. 

ബ്രിട്ടീഷ് ഭരണകാലം മുതൽ പഴക്കമുണ്ട് മലപ്പുറം തൃശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ റെയിൽപ്പാത എന്ന ആശയത്തിന്. 1954 മുതൽ ഈ ആവശ്യത്തിനായി ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയും നിരാഹാര സമര മുൾപ്പെടെയുള്ള വലിയ പ്രക്ഷോഭങ്ങളും നടന്നിരുന്നു. അധികൃത സ്ഥാനങ്ങളിൽ പലവട്ടം നിവേദനങ്ങൾ നൽകുകയും ചെയ്തു. തുടർന്ന്, പാതയ്ക്കായി സർവേകളും മറ്റും നടന്നെങ്കിലും ഇടക്കാലത്ത് ഉപേക്ഷിക്കപ്പെട്ടു.
കേന്ദ്ര നിർദ്ദേശമനുസരിച്ച് പ്രധാനമന്ത്രി ഗതിശക്തി പദ്ധതിക്കുവേണ്ടി ഗുജറാത്തിലെ ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ സ്പെയ്സ് ആപ്ലിക്കേഷൻ ആന്റ് ജിയോ ഫോർമാറ്റിക്സ് രാജ്യത്തെ 55 നഗരങ്ങളെ തെരഞ്ഞെടുത്തപ്പോൾ, അതിൽ കേരളത്തിൽ നിന്നുള്ള നാല് നഗരങ്ങളിൽ കൊടുങ്ങല്ലൂരും സ്ഥാനം പിടിച്ചതോടെ വീണ്ടും തീരദേശ റെയിൽപ്പാത എന്ന പ്രതീക്ഷയുദിച്ചു. 

പെരുമ്പടപ്പ് പുത്തൻ പള്ളി, ഗുരുവായൂർ തൃപ്രയാർ കൊടുങ്ങല്ലൂർ ക്ഷേത്രങ്ങൾ, ചേരമാൻ മസ്ജിദ്, അഴീക്കോട് മാർത്താമ്മാപ്പള്ളി തുടങ്ങിയ പ്രസിദ്ധങ്ങളായ ദേവാലയങ്ങളെ കൂട്ടിയിണക്കുന്നതിനാൽ തീർത്ഥാടന ടൂറിസവികസനത്തിനും കൊടുങ്ങല്ലൂർ ഉൾപ്പെടുന്ന മുസിരിസ് പൈതൃക പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിനാൽ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും വലിയ നേട്ടമാകും ഇടപ്പള്ളിയിൽ അവസാനിക്കുന്നത തീരദേശ പാത എന്ന് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നു.
തിരുവനന്തപുരം കാസർകോട് യാത്രയിൽ 60 കിലോമീറ്ററിന്റെ കുറവുണ്ടാകും എന്ന പ്രത്യേകതയുമുണ്ടായിരുന്നതായി പലരും ചൂണ്ടിക്കാട്ടുന്നു. അങ്കമാലി എരുമേലി റെയിൽപ്പാത സാധ്യമായാൽ അതിന്റെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടും എന്നതിനാലാണ് 60, 161 ജനസംഖ്യയുള്ള നെടുമങ്ങാടിനെ ഒഴിവാക്കിയതെന്നാണ് റെയിൽവേയുടെ ന്യായം. 

You may also like this video

Exit mobile version