Site iconSite icon Janayugom Online

കൊടുവള്ളി ഉപജില്ലാ കലോത്സവം: സ്വാഗതമാശംസിച്ച് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിയുടെ പരസ്യ ബോർഡുകൾ

ഉപജില്ല കലോത്സവത്തിലേക്കെത്തുന്ന വിദ്യാർഥി പ്രതിഭകളെ സ്വാഗതം ചെയ്ത് ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയുടെ ഫോട്ടോ ഉൾപ്പെടുന്ന പരസ്യ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. ഏറെ വിവാദമായ ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതി എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ഫോട്ടോയോടു കൂടിയ സ്ഥാപനത്തിന്റെ പരസ്യ ബോർഡുകളാണ് കോഴിക്കോട് കൊടുവള്ളി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡിന്റെ ഇരുവശങ്ങളിലും ഇന്നു പുലർച്ചെയോടെ പ്രത്യക്ഷപ്പെട്ടത്.

കൊടുവള്ളി മാർക്കറ്റ് റോഡിൽ നിന്ന് ആരംഭിച്ച് ഹൈസ്കൂൾ കവാടത്തിനരികെ വരെ ഇരുപത്തഞ്ചോളം ബോർ‍ഡാണ് സ്ഥാപിച്ചത്. ബോർ‍ഡുകൾ സ്ഥാപിച്ചത് അനുമതിയില്ലാതെയാണെന്നും വ്യക്തമായി. നഗരസഭ അടുത്തിടെ നവീകരിച്ച നടപ്പാതയിലും ഹാൻഡ് റെയിലിലും കയ്യേറ്റം നടത്തി സ്ഥാപിച്ച ബോർഡുകൾക്ക് നഗരസഭയിൽ നിന്നും ഒരു അനുമതിയും വാങ്ങിയിട്ടില്ലെന്ന് കൊടുവള്ളി നഗരസഭാധ്യക്ഷൻ അബ്ദു വെള്ളറ അറിയിച്ചു. കലോത്സവ കമ്മറ്റിയുടെയും അനുമതി വാങ്ങാതെയാണ് പ്രധാന വേദിയുടെ പരിസരത്ത് ബോർ‍ഡുകൾ സ്ഥാപിച്ചതെന്ന് ഉപജില്ലാ കലോത്സവ മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മുജീബ് ചളിക്കോടും അറിയിച്ചു.

എംഎസ് സൊല്യൂഷനുമായി ബന്ധപ്പെട്ടവർ എൽഇഡി സ്ക്രീനിലും വേദിയുടെ പരിസരങ്ങളിലും റോഡിലും പരസ്യം ചെയ്യാൻ വലിയ തുക വാഗ്ദാനം ചെയ്ത് പബ്ലിസിറ്റി കമ്മിറ്റിയെ കഴിഞ്ഞ ദിവസം സ്ഥാപനം സമീപിച്ചിരുന്നു. എന്നാൽ ചോദ്യപേപ്പർ ചോർച്ച കേസിൽ ഉൾപ്പെട്ട സ്ഥാപനമായതിനാലും ഇത് കുട്ടികളിൽ തെറ്റായ സന്ദേശം നൽകുമെന്നതിനാലും ഈ വാഗ്ദാനം നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

Exit mobile version