Site icon Janayugom Online

കൊൽക്കത്ത കോർപറേഷൻ: ബിജെപി വോട്ട് 20 ശതമാനം കുറഞ്ഞു

കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ 144ൽ 134 സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തിയപ്പോൾ പ്രധാന പ്രതിപക്ഷമായ ബിജെപി നേടിയത് കേവലം മൂന്ന് സീറ്റുകൾ. ഇടതുപക്ഷവും കോൺഗ്രസും രണ്ട് വീതം സീറ്റുകളിൽ വിജയിച്ചു. ബിജെപിക്കും ഇടതുപാർട്ടികൾക്കും വോട്ടിങ് ശതമാനത്തിൽ വർധനയുണ്ടായപ്പോൾ ബിജെപി വോട്ടുകൾ കുത്തനെ കുറഞ്ഞു. ആകെയുള്ള 40. 5 ലക്ഷം വോട്ടിൽ ടിഎംസി 18,87,422 എണ്ണം നേടിയപ്പോൾ, സിപിഐ(എം) 2,52,610 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപിക്ക് 2,41,053 വോട്ടുകളാണ് കിട്ടിയത്. ഇക്കഴിഞ്ഞ മെയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് ടിഎംസി വോട്ട് വിഹിതം 11 ശതമാനം വർധിച്ചപ്പോൾ ബിജെപിയുടെ വോട്ട് 20 ശതമാനം കുറഞ്ഞു. 139 സീറ്റുകളിൽ തോറ്റ ബിജെപി 97 ലും മൂന്നാം സ്ഥാനത്തായി. 

അവർക്ക് 116 വാർഡുകളിൽ കെട്ടിവച്ച തുക നഷ്ടമായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു വാർഡിലും ലീഡ് നേടാനാകാത്ത ഇടതുപക്ഷം 65 വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ശക്തി നഷ്ടപ്പെട്ട ബിജെപിക്ക് ന്യൂഡൽഹിയിൽ നിന്നുള്ള താരപ്രചാരകർ എത്തിയില്ലായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ. സുകാന്ത മജുംദാർ, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ദേശീയ ഉപാധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം. ‘പശ്ചിമ ബംഗാളിൽ ജനാധിപത്യമില്ല. വ്യാപകമായ കൃത്രിമം നടന്നു, എതിർ ശബ്ദങ്ങൾ മൂടിക്കെട്ടി’ എന്ന് സുകാന്ത മജുംദാർ പറഞ്ഞു. 

കൊൽക്കത്തയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ഇല്ലാതായിട്ടില്ലെന്ന് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക പ്രശ്നങ്ങളിൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം-പ്രത്യേകിച്ച് പകർച്ചവ്യാധിയുടെ കാലത്തെ പ്രവർത്തനം വോട്ടർമാരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. എസ് മെെത്ര പറയുന്നു. തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ ഉണ്ടായില്ലായിരുന്നെങ്കിൽ ഇടതുപക്ഷത്തിന് മികച്ച പ്രകടനം നടത്താൻ കഴിയുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ENGLISH SUMMARY:Kolkata: BJP lost 20 per cent of the vote
You may also like this video

Exit mobile version