Site iconSite icon Janayugom Online

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം;പ്രതികരണവുമായി നിർഭയയുടെ അമ്മ

കൊല്‍ക്കത്തയിലെ ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജില്‍ ട്രയിനി ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നിര്‍ഭയയുടെ മാതാവ് ആശാ ദേവി.സംഭവത്തില്‍ കടുത്ത രോഷം പ്രകടിപ്പിച്ച അവര്‍ ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.കേസിനെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയ കുറ്റപ്പെടുത്തലുകളെ കുറിച്ച് പരാമര്‍ശിച്ച അവര്‍ സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടിയുള്ള നിയമ പരിഷ്‌ക്കാരങ്ങളിലേക്ക് ശ്രദ്ധ തിരിക്കണമെന്നും പറഞ്ഞു.

ആരോഗ്യ മന്ത്രാലയത്തിനും പോലീസിനും നിയമസംവിധാനത്തിനും മേല്‍ അധികാരമുള്ള പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെ ആശാ ദേവി വിമര്‍ശിച്ചു.

”നിര്‍ഭയ സംഭവത്തില്‍ നിന്ന് നിങ്ങള്‍ എന്താണ് പഠിച്ചത്.നിയമ സംവിധാനങ്ങളില്‍ എന്ത് മാറ്റം വരുത്തി?ഞങ്ങള്‍ ഇപ്പോഴും 2012ല്‍ തന്നെ തുടരുകയാണെന്നും അവര്‍ പറഞ്ഞു.കേസില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും അര്‍ഹിക്കുന്ന ശിക്ഷ തന്നെ നല്‍കണമെന്ന് പറഞ്ഞ അവര്‍ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ ആശാ ദേവി മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു.മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടു.പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് ജനശ്രദ്ധ തിരിച്ചുവിടാനാണ് മമത ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

Exit mobile version