ആശ്രാമം ഇഎസ്ഐ മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയെ മെഡിക്കൽ കോളജാക്കി ഉയർത്താനുള്ള ശ്രമങ്ങൾ പ്രതിസന്ധിയിൽ. ആശുപത്രി ഇരിക്കുന്ന ഭൂമിയുടെ രേഖകൾ കാണാനില്ല. റവന്യൂ അധികൃതരുടെ രേഖകളിൽ ഈ ഭൂമി ഇപ്പോഴും പുറമ്പോക്ക് ഭൂമിയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1965‑ൽ ഇഎസ്ഐ കോർപ്പറേഷൻ ഭൂമിക്ക് പണം നൽകിയതിൻ്റെ ചില രേഖകൾ മാത്രമാണ് നിലവിൽ അധികൃതരുടെ പക്കലുള്ളത്.
ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 200‑ൽ നിന്ന് 300 ആയി വർധിപ്പിക്കുന്നതിനും, ആവശ്യമായ അടിസ്ഥാന വികസന സൗകര്യങ്ങൾ ഒരുക്കുന്നതിനും, പുതിയ സർവീസ് ബ്ലോക്ക് നിർമ്മിക്കുന്നതിനുമുള്ള അനുമതിക്കായി ശ്രമിക്കുമ്പോഴാണ് രേഖകൾ നഷ്ടമായ വിവരം പുറത്തറിയുന്നത്. കെട്ടിട നിർമ്മാണം പി ഡബ്ല്യൂ ഡി യെ ഏൽപ്പിച്ചിരുന്നു. വികസന പദ്ധതികൾ നടപ്പാക്കാൻ വിവിധ അധികാര സ്ഥാപനങ്ങളിൽ നിന്ന് അനുമതി നേടാനുള്ള നടപടികളാണ് ഇപ്പോൾ തടസ്സപ്പെട്ടിരിക്കുന്നത്. രേഖകൾ നഷ്ടമായ സാഹചര്യത്തിൽ, ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം ലഭ്യമാക്കുന്നതിനായി കഴിഞ്ഞ ദിവസം കലക്ടർ തലത്തിൽ യോഗം ചേർന്നു. അന്തിമ തീരുമാനത്തിനായി വിഷയം സർക്കാരിൻ്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തിട്ടുണ്ട്.

