ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികനായ അഭിജിത്ത് ജീവനുവേണ്ടി നടുറോഡില്‍ പിടയുമ്പോള്‍ ഓടിക്കൂടിയവര്‍ മൊബൈലുകളില്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍. 20 മിനിറ്റ് അഭിജിത്ത് ജീവനുവേണ്ടി പിടഞ്ഞു. ഒടുവില്‍ ഉദയകുമാർ എന്ന പ്രദേശവാസിയാണ് ആംബുലന്‍സും സുഹൃത്തിനെയും വിളിച്ചുവരുത്തി ചോരയില്‍ കുളിച്ച അഭിജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ അഭിജിത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അഭിജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശിഖ അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. രാവിലെ ഏഴരയോടെയാണ് എംസി റോഡിൽ നെട്ടേത്തറയില്‍ അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ബുള്ളറ്റിന്റെ പിന്നിൽ കെഎസ്ആർടിസി ബസ് തട്ടിയതാണ്.
പുനലൂർ ഐക്കരക്കോണം സ്വദേശിയായ അഭിജിത്ത് പത്തനംതിട്ട മുസ്ലിയാർ കോളജിൽ ബിബിഎ വിദ്യാർത്ഥിയാണ്. ശിഖ തട്ടത്തുമല വിദ്യ ആർട്സ് ആന്റ് സയൻസ് ടെക്നോളജിയിലെ രണ്ടാംവർഷ എൻജിനിയറിങ്ങ് വിദ്യാർത്ഥിനിയും. അപകടത്തില്‍ പരിക്കേറ്റവരെ രക്ഷപ്പെടുത്താൻ ഈ സമയം ആരും മുന്നോട്ടു വന്നില്ലെന്നാണ് ആരോപണം. ഇതിനിടെ പലരും തങ്ങളുടെ മൊബെെലിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്രെ. ഇതിനിടെയാണ് ഉദയകുമാർ അഭിജിത്തിന് സഹായവുമായി എത്തിയത്. തന്റെ സുഹൃത്തിനെ വിളിച്ചുകൊണ്ടുവന്ന് ആംബുലൻസിൽ കയറ്റി അഭിജിത്തിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
English Sammury: Chadayamangalam Bike-KSRTC Bus Accident Students Death Case