Site iconSite icon Janayugom Online

കൊല്ലം നിലമേലില്‍ പിടിമുറുക്കി മണ്ണ് ലോബി

നിലങ്ങളുടെ നാടായ നിലമേല്‍ ഇന്ന് മണ്ണ് ‌ലോബികളുടെ കയ്യിലാണ്. ഇവര്‍ക്ക് ഒത്താശ ചെയ്യുന്നത് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍. കഴിഞ്ഞ മൂന്നുമാസമായി നിലമേല്‍ ജങ്ഷൻ, കണ്ണങ്കോട്, മുരുക്കുമണ്‍ എന്നീ പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ അനധികൃത മണ്ണെടുപ്പ് നടക്കുന്നു. ഇതിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടും ഒന്നും ഫലം കണ്ടില്ല. ഭരണസമിതി അംഗങ്ങള്ളുടെ ഒത്താശയോടെയാണ് നിലം നികത്തുന്നത്. രാത്രി ഒരു മണി മുതല്‍ വെളുപ്പിന് അഞ്ചു മണിവരെയാണ് അനധികൃതമായി നിലം നികത്തി മണ്ണെടുപ്പ് നടക്കുന്നത്. അധികൃതര്‍ കയ്യൊഴിഞ്ഞതോടെ പൊലീസില്‍ വിവരം അറിയിച്ചു. അതും ഫലംകണ്ടില്ല. ഇപ്പോള്‍ നിലം നികത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കുകയാണ് പൊലിസ് എന്ന് വ്യാപകമായ ആക്ഷേപമുണ്ട്. പെര്‍മിറ്റില്ലാതെ നടക്കുന്ന മണ്ണെടുപ്പ് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട നിലങ്ങളാണെന്നാണ് കൃഷി ഓഫീസറുടെ ഭാഷ്യം.

മണ്ണെടുപ്പ് തടയാൻ പ്രദേശത്തെ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ അവയെല്ലാം ജലരേഖയായി. അനധികൃതമായി നിലം നികത്തി മണ്ണെടുപ്പ് നടത്തുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ്. കുന്നിടിച്ചിലും മഴ ദുരിതങ്ങളും ജനങ്ങളെ വലയ്ക്കുകയാണ്. കാലവര്‍ഷമെത്തിയാല്‍ വലിയ വെള്ളക്കെട്ടുകളാണ് നിലമേല്‍ ജങ്ഷനില്‍ രൂപം കൊള്ളുന്നത്. കുന്നിടിഞ്ഞു വീഴുന്നത് പല വീടുകള്‍ക്കും നാശനഷ്ടമുണ്ടാക്കുന്നുണ്ട്. അടിയന്തിരമായി മണ്ണെടുപ്പിനെതിരെ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രതിക്ഷേധം കടുപ്പിക്കുമെന്ന് സിപിഐ നിലമേൽ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

Exit mobile version