കൊട്ടിയം മൈലക്കാട് ദേശീയപാത തകർന്ന സംഭവത്തിൽ നിർമാണ കമ്പനിയെ രണ്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ദേശീയ പാത നിർമാണത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ഇന്നലെ (ഡിസംബർ 5) വൈകുന്നേരത്തോടെയാണ് കൊട്ടിയം മൈലക്കാട് ദേശീയപാതയിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്ക് തകർന്നുവീണത്. ഇതിന് പിന്നാലെ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തകർന്ന സർവീസ് റോഡ് ഡിസംബർ 8നുള്ളിൽ ഗതാഗത യോഗ്യമാക്കുമെന്ന് ജില്ലാ കളക്ടർ ദേവിദാസ് അറിയിച്ചു.
ഡൽഹിയിൽ നിന്നുള്ള ദേശീയ പാത അതോറിറ്റിയുടെ അന്വേഷണ സംഘം രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിലെത്തും. സംഭവത്തിൽ പൊതുമരാമത്ത് സെക്രട്ടറിയോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടുകയും, ദേശീയ പാത അതോറിറ്റിയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് സെക്രട്ടറി അറിയിക്കുകയും ചെയ്തിരുന്നു.

