Site iconSite icon Janayugom Online

ചിങ്ങവനം മാവിളങ്ങിൽ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട

ചിങ്ങവനം മാവിളങ്ങിൽ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും എത്തിച്ച കഞ്ചാവ് ജില്ലയിൽ വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ എട്ടു കിലോ കഞ്ചാവുമായി അസം സ്വദേശി എക്‌സൈസിന്റെ പിടിയിലായി. അസം സോനിപൂർ ലഖോപാറ ദേഖിയാൻജുലി ആനന്ദദാസിനെ(28)യാണ് എക്‌സൈസ് കമ്മിഷണറുടെ ദക്ഷിണമേഖലാ സ്‌പെഷ്യൽ സ്‌ക്വാഡും, കോട്ടയം എക്‌സൈസ് സർക്കിൾ ഉദ്യോഗസ്ഥരും ചേർന്നു പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും എട്ടു കിലോ കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ചിങ്ങവനം മാവിളങ്ങ് ഭാഗങ്ങളിൽ ദിവസങ്ങളായി എക്‌സൈസ് സംഘം നിരീക്ഷണം നടത്തി വരികയായിരുന്നു. ആന്ദ്രയിൽ കഞ്ചാവിന്റെ വിളവെടുപ്പ് കാലമായതിനാൽ എക്‌സൈസ് കമ്മിഷണർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ആനന്ദ ദാസിനെപ്പറ്റി വിവരം ലഭിക്കുന്നത്. ചിങ്ങവനം, കോട്ടയം നാഗമ്പടം, ചങ്ങനാശേരി പ്രദേശങ്ങളിൽ യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത് ഇയാളായിരുന്നുവെന്നു കണ്ടെത്തി. ഇതോടെ ഇയാളെ കേന്ദ്രീകരിച്ച് എക്‌സൈസ് സംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നു, ചൊവ്വാഴ്ച അർദ്ധരാത്രി ഒരു മണിയോടെ എക്‌സൈസ് സംഘം ആനന്ദ ദാസിന്റെ വീട് വളയുകയായിരുന്നു. വീടിനുള്ളിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

Exit mobile version