Site iconSite icon Janayugom Online

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ പൊളിച്ചുമാറ്റില്ല: മന്ത്രി ആന്റണി രാജു

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ പൊളിച്ചു മാറ്റേണ്ടി വരില്ലെന്ന് മദ്രാസ് ഐഐടി വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു. കെട്ടിടം ബലപ്പെടുത്താനാകുമെന്ന് ഐഐടി വിദഗ്ധർ കെഎസ്ആർടിസി സിഎംഡി ഉൾപ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചതായി മന്ത്രി പറഞ്ഞു. നിർമാണത്തിലെ അപാകതയുടെ പേരിൽ കെഎസ്ആർടിസി ടെർമിനൽ വിവാദത്തിലായിരുന്നു.

നിർമാണത്തിന് ചെലവായതിന്റെ പകുതിയിലധികം തുക അറ്റകുറ്റപ്പണിക്ക് ആവശ്യമായി വന്നാലേ കെട്ടിടം പൊളിക്കേണ്ട സാഹചര്യമുള്ളൂ. എന്നാൽ നിലവിലെ ടെർമിനൽ ബലപ്പെടുത്താൻ 25 ശതമാനത്തിൽ താഴെയേ ചെലവ് വരൂ. പൈലിങ്ങിൽ പോരായ്മകൾ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനായി പരിശോധനകൾ പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് ലഭിക്കും. അപാകത കണ്ടെത്തിയാലും കെട്ടിടം പൊളിക്കാതെ ബലപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ റിപ്പോർട്ട് ലഭിച്ച ശേഷം അറ്റകുറ്റപ്പണിയുമായി മുന്നോട്ട് പോകും. ഏത് രീതിയിൽ അറ്റകുറ്റപ്പണി നടത്തണം എന്നതിൽ ഐഐടി വിദഗ്ധരെ കൂടി ഉൾപ്പെടുത്തി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ആറു മാസം കൊണ്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ചെലവ് കെടിഡിഎഫ്സി വഹിക്കും. ബസ് സർവിസിന് മുടക്കം സംഭവിക്കാത്ത തരത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കരാർ കമ്പനിയുടെ വീഴ്ചയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: Kozhikode KSRTC ter­mi­nal will not be demol­ished: Min­is­ter Antony Raju
You may also like this video

Exit mobile version