സരോവരത്തെ ചതുപ്പില്‍ യുവാവിന്റെ മൃതദേഹം താഴ്ത്തിയ സംഭവത്തില്‍ ഭൗതികാവശിഷ്ടങ്ങള്‍ക്കായുള്ള പരിശോധന പുനരാരംഭിച്ചു. ഇന്നലെ ജെസിബി ഉപയോഗിച്ച് നടത്തിയ തെരച്ചില്‍ വേണ്ടത്ര ഫലം ചെയ്യാത്ത സാഹചര്യത്തില്‍ ഇന്ന് പ്രൊക്ലൈനര്‍ കൊണ്ടു വരും. സരോവരത്ത് ഒരു സമ്മേളനത്തോടനുബന്ധിച്ച് മരത്തടികള്‍ കൊണ്ട് താത്കാലിക പാലം നിര്‍മിച്ചിരുന്നു. ഈ ഏരിയയിലാണ് വിജിലിനെ കെട്ടിത്താഴ്ത്തിയതായി പ്രതികള്‍ പറയുന്നത്. ഈ മരങ്ങള്‍ എടുത്ത് മാറ്റലാണ് വലിയ വെല്ലുവിളി. പ്രധാനമായും ഇതിന് വേണ്ടിയാണ് പ്രൊക്ലൈനര്‍ കൊണ്ടു വരുന്നത്.
കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിയ തെരച്ചിലാണ് ഇന്നലെ വീണ്ടും തുടങ്ങിയത്. ഇതിനായി അഞ്ച് ദിവസത്തേക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. കോടതി നടപടികള്‍ക്ക് ശേഷം ഉച്ചയോടെയാണ് പ്രതികളായ ദീപേഷ്, കെ കെ നിഖില്‍ എന്നിവരുമായി പൊലീസ് സരോവരത്ത് മൃതദേഹം താഴ്ത്തിയ ചതുപ്പിലെത്തിയത്. ഇന്നലെ രാവിലെ തന്നെ വെള്ളം വറ്റിക്കാന്‍ മോട്ടോറുകള്‍ ഉള്‍പ്പെടെ എത്തിച്ചിരുന്നു. വെള്ളം വറ്റിച്ച ശേഷമാണ് ജെസിബി ഉള്‍പ്പെടെ ഉപയോഗിച്ച് തെരച്ചില്‍ പുനരാരംഭിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ മരണപ്പെട്ട വെസ്റ്റ്ഹില്‍ വേലത്തിപടിക്കല്‍ കെ ടി വിജിലിന്റെ മൃതദേഹമാണ് സുഹൃത്തുക്കള്‍ ചതുപ്പില്‍ താഴ്ത്തിയത്. മൃതദേഹം സരോവരത്തെ ചതുപ്പില്‍ താഴ്ത്തിയതായി പ്രതികള്‍ മൊഴി നല്‍കിയതുമുതല്‍ ഇവിടം പൊലീസ് ബന്തവസ്സിലാണ്. റവന്യൂ വകുപ്പിന്റെ കൂടി സാന്നിധ്യത്തിലാണ് പരിശോധന. നേരത്തെ നടന്ന തെളിവെടുപ്പില്‍ കല്ലായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് വിജിലിന്റെ ബൈക്ക് കണ്ടെടുത്തിരുന്നു.

