Site icon Janayugom Online

കെ പി പ്രഭാകരൻ സ്മാരക പുരസ്കാരം കാനം രാജേന്ദ്രന് സമ്മാനിച്ചു

Kanam

സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ, എഐടിയുസി നേതാവുമായിരുന്ന കെ പി പ്രഭാകരന്റെ സ്മരണാർത്ഥം കേരളാ സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ഏർപ്പെടുത്തിയ പുരസ്കാരം ‘ആദരവ്-2021’ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ സമ്മാനിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിക്ക് ഇളക്കം തട്ടി തുടങ്ങിയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എ വിജയരാഘവൻ പറഞ്ഞു.

യുഡിഎഫിലെ പ്രതിസന്ധി തീർക്കാൻ മുന്നിൽ നിന്ന ലീഗിൽ ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ തീർക്കാൻ ആരും ഇല്ലാത്ത അവസ്ഥയായി. യഡിഎഫിലെ മറ്റ് ഘടകകക്ഷികളിലും പ്രതിസന്ധി രൂക്ഷമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇടത് രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ രാജ്യത്ത് ശ്രമം ഊർജ്ജിതമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇടതുപക്ഷത്തെ ആക്രമിക്കുകയും ചെയ്യുന്നു. പല തരത്തിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടായാലും പ്രത്യയ ശാസ്ത്ര വ്യക്തത മൂലം ഇടതു രാഷ്ട്രീയം മുന്നോട്ട് പോകുകയാണ്. കേരളത്തിൽ ഇടതുപക്ഷത്തിന് ലഭിച്ച ജനകീയ പിന്തുണ നിലനിർത്താൻ പ്രവർത്തകർ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ പി രാജേന്ദ്രൻ അധ്യക്ഷനായി.

ജനറൽ സെക്രട്ടറി ടി എൻ രമേശൻ സ്വാഗതവും വർക്കിങ് പ്രസിഡന്റ് ഡി പി മധു നന്ദിയും പറഞ്ഞു. എഐടിയുസി സംസ്ഥാന സെക്രട്ടറി വി ബി ബിനു അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, മുൻ മന്ത്രി പി തിലോത്തമൻ, എ ശിവരാജൻ, പി വി സത്യനേശൻ, ദീപ്തി അജയകുമാർ, ജി കൃഷ്ണപ്രസാദ്, കെ എൻ ഗോപി, പി കെ ഷാജകുമാർ, കെ ബി അറുമുഖൻ, പി ജ്യോതിസ്, വി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.

പുരസ്കാര തുകയായ 25,000 രൂപ തലയോലപ്പറമ്പിൽ എഐവൈഎഫ് ആംബുലൻസ് വാങ്ങുവാൻ സമാഹരിക്കുന്ന ഫണ്ടിലേക്ക് കാനം രാജേന്ദ്രൻ കൈമാറി. ചടങ്ങിൽ സംസ്ഥാന മാധ്യമ പുരസ്കാര ജേതാവ് വി എൻ കൃഷ്ണപ്രകാശിന് സിപിഐ ജില്ലാ കൗൺസിലിന്റെ ഉപഹാരം കാനം രാജേന്ദ്രൻ സമർപ്പിച്ചു.

Exit mobile version