പുനഃസംഘടനയും തമ്മിലടിയും തീരാതെ കോണ്‍ഗ്രസ്. കെപിസിസി നല്‍കിയ സമയപരിധി കഴിഞ്ഞ് മാസങ്ങളായിട്ടും അന്ത്യശാസനങ്ങള്‍ നല്‍കിയിട്ടും ജില്ലകളില്‍ നിന്നുള്ള ലിസ്റ്റുകള്‍ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അധ്യക്ഷന്‍ രോഷാകുലനായി പ്രതികരിച്ചിട്ടും കുലുക്കമില്ലാതെ നേതാക്കള്‍. കെ സുധാകരന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ നേതാക്കളുടെ രൂക്ഷ വിമര്‍ശനങ്ങളും വാക്പോരും പാര്‍ട്ടിയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതായി. പുനഃസംഘടന നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ തനിക്കും വേണ്ടെന്ന് ഒടുവില്‍ കെ സുധാകരന്‍ തുറന്നടിച്ചതോടെ തര്‍ക്കം വീണ്ടും രൂക്ഷമാകുമെന്നുറപ്പായി. 11ന് വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് സ്വീകരണം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചുചേര്‍ത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ തീരാത്ത പുനഃസംഘടനാ ചര്‍ച്ചകളും പരാജയമായ 138 രൂപ ചലഞ്ചുമുള്‍പ്പെടെ യോഗത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയമായി.
നേതാക്കളുടെ വാവിട്ട പ്രസ്താവനകള്‍ നിയന്ത്രിക്കണമെന്ന് ഇന്നലെയും ആവശ്യമുയര്‍ന്നു. ശശി തരൂരിനെയും കെ മുരളീധരനെയും ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഒരു വിഭാഗം നേതാക്കളുടെ കുറ്റപ്പെടുത്തലുകള്‍. പാര്‍ട്ടിയിലെ അരിക്കൊമ്പന്മാരെ പിടിച്ചുകെട്ടണമെന്ന് അന്‍വര്‍ സാദത്ത് യോഗത്തില്‍ ആവശ്യപ്പെട്ടു. ശശി തരൂര്‍ ലക്ഷ്മണരേഖ ലംഘിക്കുന്നുവെന്ന് പി ജെ കുര്യന്‍ കുറ്റപ്പെടുത്തി. മുതിര്‍ന്ന നേതാക്കള്‍ അച്ചടക്കലംഘനം നടത്തുന്നത് എല്‍ഡിഎഫിനും സര്‍ക്കാരിനും ഗുണമാകുന്നുവെന്നായിരുന്നു തിരുവഞ്ചൂരിന്റെ വിമര്‍ശനം.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍, എംപിമാരുടെ അസാന്നിധ്യത്തിലായിരുന്നു യോഗവും വിമര്‍ശനവുമെല്ലാം. ജില്ലാതല പുനഃസംഘടനാ ലിസ്റ്റ് മൂന്നു ദിവസത്തിനുള്ളിൽ ഡിസിസി പ്രസിഡന്റും ജില്ലയുടെ ചാർജുള്ള കെപിസിസി ജനറൽ സെക്രട്ടറിയും ചേർന്ന് കെപിസിസിക്ക് നൽകണമെന്ന് യോഗത്തില്‍ വീണ്ടും അന്ത്യശാസനം നല്‍കി. ജില്ലകളിൽ നിന്നും ലിസ്റ്റ് ലഭിച്ചാൽ 10 ദിവസത്തിനകം ചർച്ചകൾ പൂർത്തിയാക്കി കെപിസിസിക്ക് റിപ്പോർട്ട് നൽകാൻ സംസ്ഥാനതല സമിതിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. കെപിസിസി ഫണ്ട് ശേഖരണ പദ്ധതിയായ 138 രൂപ ചലഞ്ചില്‍ വേണ്ടത്ര പുരോഗതിയുണ്ടായിട്ടില്ലെന്നത് യോഗത്തില്‍ ചര്‍ച്ചയായി. ഈ ക്യാമ്പയിന്‍ ഒരു മാസത്തേക്ക് നീട്ടുന്നതിന് തീരുമാനിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വമ്പിച്ച സമരമെന്ന് കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരം മാറ്റിവയ്ക്കാനും യോഗം തീരുമാനിച്ചു. മേയ് നാലിനായിരുന്നു യുഡിഎഫ് സമരം പ്രഖ്യാപിച്ചിരുന്നത്. ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളെത്തുടര്‍ന്ന് എഐസിസി വിവിധ സമരപരമ്പരകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതിനാലാണ് സമരം മാറ്റുന്നതെന്നാണ് കെപിസിസിയുടെ വിശദീകരണം.
English Summary: kpcc executive committee meeting k sudhakaran
You may also like this video