നേതാക്കളുടെ പരാതി ഒഴിവാക്കാൻ പരമാവധി പേരെ തള്ളിക്കയറ്റി കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചിട്ടും അമർഷം ഒഴിയാതെ നേതാക്കൾ. പ്രധാന നേതാക്കളെ തഴഞ്ഞെന്നാണ് എ ഗ്രൂപ്പിന്റെ വിമർശനം. രമേശ് ചെന്നിത്തല നൽകിയ പല പേരുകളും ഒഴിവാക്കി. മുൻ ഡിസിസി പ്രസിഡന്റുമാരായ കെ സി അബു, ഒ അബ്ദുറഹ്‌മാൻ കുട്ടി എന്നിവരെ ഒഴിവാക്കിയതിലാണ് എ ഗ്രൂപ്പിന്റെ അമർഷം. വൈസ് പ്രസിഡന്റുമാരുടെ പട്ടികയിൽ അവസാന നിമിഷം വരെ ഉണ്ടായിരുന്ന കെ സി അബു തഴയപ്പെടുകയായിരുന്നു. ഏറെ നാൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് പട്ടിക തയ്യാറാക്കിയത്. ഇതിനായി എല്ലാ ഗ്രൂപ്പ് സമവാക്യങ്ങളും പരമാവധി പാലിക്കുകയും ചെയ്തു. എന്നിട്ടു പോലും പ്രതിഷേധങ്ങൾ തുടരുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ്.
പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതിൽ പ്രധാന എഐസിസി വക്താവ് ഷമ മുഹമ്മദാണ്. കഴിവ് ഒരു മാനദണ്ഡമാണോ എന്ന ചോദ്യവും ഷമ ഉയര്‍ത്തുന്നു. മുൻ തൃശൂർ ഡിസിസി അധ്യക്ഷൻ എം പി വിൻസെന്റും ഇടുക്കി മുൻ പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറും വൈസ് പ്രസിഡന്റ് പദവി പ്രതീക്ഷിച്ച് ലഭിക്കാതെ പോയതിലുള്ള നിരാശയിലാണ്.
തൃശൂർ ഡിസിസി മുൻ പ്രസിഡന്റ് ജോസ് വള്ളൂരിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കിയതിനെതിരെ കെ മുരളീധരനും രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ സഹായിച്ചതാണല്ലോയെന്നും അപ്പോൾ അവർക്ക് സ്ഥാനം നൽകണമല്ലോയെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. മുരളീധരൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിക്കുമ്പോൾ ജോസ് വള്ളൂരായിരുന്നു ഡിസിസി പ്രസിഡന്റ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പാളീച്ചകൾ ഉണ്ടായെന്ന് ആരോപിച്ചാണ് ജോസ് വള്ളൂരിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത്.
സംഘടനാ പ്രവർത്തന രംഗത്ത് ഇപ്പോൾ സജീവമല്ലാത്ത പലരെയും ഭാരവാഹിയതായും ആക്ഷേപം ഉയരുന്നുണ്ട്. വൈസ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഇടം നേടിയ ഡി സുഗതൻ, രാഷ്ട്രീയ കാര്യ സമിതിയിൽ ഉൾപ്പെടുത്തിയ എ കെ മണി, സി പി മുഹമ്മദ് എന്നിവർ സജീവ രാഷ്ട്രീയത്തിൽ ഇല്ലെന്നാണ് ആക്ഷേപം ശക്തമായിട്ടുണ്ട്. ചാണ്ടി ഉമ്മനെ പരിഗണിക്കാത്തതിലും ഒരുവിഭാഗത്തിന് അതൃപ്തിയുണ്ട്.
എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോടൊപ്പം നിൽക്കുന്നവരാണ് പദവിയിലെത്തിയ കൂടുതൽ പേരുമെന്നും ആരോപണമുണ്ട്. മറ്റുള്ളവരെല്ലാം പാർട്ടിയിൽ അവഗണിക്കപ്പെടുകയാണെന്നുള്ള വികാരം കോൺഗ്രസിൽ ശക്തമാണ്. എന്നാൽ നേതൃത്വം ഇക്കാര്യം നിഷേധിക്കുന്നു. ഗ്രൂപ്പുകൾക്കെല്ലാം മതിയായ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. സാമുദായിക പ്രാതിനിധ്യം കൂടി ഉറപ്പാക്കിയാണ് ജംബോ പട്ടിക തയ്യാറാക്കിയത്. എന്നാൽ ഇതിൽ പോലും നേതാക്കൾ തൃപ്തരല്ലെന്നതാണ് അവസ്ഥ. 13 വൈസ് പ്രസിഡന്റുമാരിൽ മുസ്ലീം വിഭാഗത്തിൽ നിന്ന് എ എ ഷുക്കൂർ മാത്രമാണുള്ളതെന്നും വിമർശനം ഉയരുന്നുണ്ട്.
കെപിസിസി ഭാരവാഹി പട്ടിക; അസംതൃപ്തി പടരുന്നു

