ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് വിശദമായ ‘പഠനം’ ആരംഭിച്ച് കോണ്‍ഗ്രസ്. സംസ്ഥാനത്തുടനീളം യുഡിഎഫ് കേന്ദ്രങ്ങളില്‍ പോളിങ് ശതമാനം കുറഞ്ഞത് പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലെ തീരുമാനപ്രകാരമാണ് താഴെത്തട്ട് മുതല്‍ പഠനം നടത്തി ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പഠനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ വെട്ടിനിരത്തലിനുള്ള നീക്കമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
വിവിധ പാര്‍ട്ടി ഘടകങ്ങള്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും പോളിങ് ശതമാനം കുറയാനുണ്ടായ കാരണങ്ങളെക്കുറിച്ച് വിശദമായ പരിശോധന വേണമെന്നുമാണ് കെപിസിസി നേതൃയോഗം നിര്‍ദേശിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വ്യാജപ്രചരണങ്ങള്‍ മാധ്യമങ്ങളുടെ സഹായത്തോടെ കൊണ്ടുപിടിച്ച് നടത്തിയിട്ടും, യുഡിഎഫ് അനുകൂലികള്‍ക്കിടയില്‍പോലും സ്വാധീനമുണ്ടാക്കാനായില്ല എന്നാണ് വിലയിരുത്തല്‍. തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കോണ്‍ഗ്രസ് ഘടകങ്ങളും ഭാരവാഹികളും എത്രമാത്രം ശ്രമിച്ചുവെന്ന് സ്വയം വിലയിരുത്തണമെന്നും നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പലവിധ കാരണങ്ങളുടെ പേരില്‍ തങ്ങളെ പുറത്താക്കാനുള്ള നീക്കം നടക്കുന്നുവെന്ന് ജില്ലാ നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.
ഓരോ ബൂത്തിലും വോട്ട് ചെയ്തവരുടെ പട്ടികയും അതില്‍ യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകളുടെ എണ്ണവും കണ്ടെത്തണമെന്നാണ് കെപിസിസി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബൂത്ത്തല പരിശോധന നടത്തി ഈയാഴ്ച തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസിസികള്‍ കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലത്തുണ്ടായിട്ടും വോട്ട് ചെയ്യാന്‍ എത്താതിരുന്നവരുടെ വിവരങ്ങള്‍ അടക്കം നല്‍കണമെന്നാണ് ആവശ്യം. ബ്ലോക്ക്-മണ്ഡലം തല ഘടകങ്ങളും യോഗം ചേര്‍ന്ന് റിപ്പോര്‍ട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഡിസിസികള്‍ക്ക് നല്‍കണം. ഈ മാസം 24ന് മുമ്പായി റിപ്പോര്‍ട്ടുകള്‍ കെപിസിസിക്ക് കൈമാറണം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ രൂക്ഷമായ വിഭാഗീയത കോണ്‍ഗ്രസിന് വലിയ രീതിയില്‍ തിരിച്ചടിയായിരുന്നു. തിരുവനന്തപുരത്തും തൃശൂരും കോഴിക്കോടും ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും നേതാക്കള്‍ക്കിടയിലെ പടലപ്പിണക്കം ശക്തമായത് പ്രചരണ പ്രവര്‍ത്തനങ്ങളുടെ നിറംകെടുത്തിയെന്നാണ് സ്ഥാനാര്‍ത്ഥികള്‍ തന്നെ പരാതിപ്പെട്ടത്.
അതിനിടയിലുണ്ടായ ഡിസിസി പുനഃസംഘടനയും തമ്മിലടി രൂക്ഷമാക്കുന്നതിന് കാരണമായി.
എല്ലാ ജില്ലകളിലും ഗ്രൂപ്പ് തര്‍ക്കങ്ങള്‍ പ്രചരണത്തില്‍ തിരിച്ചടിയായെന്ന് ജില്ലാ-സംസ്ഥാന നേതാക്കള്‍ക്ക് ഉത്തമബോധ്യമുണ്ടെങ്കിലും, പഠനത്തിന്റെ പേരില്‍ ചില നേതാക്കളെ തെരഞ്ഞുപിടിച്ച് നടപടിയെടുക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് ആരോപണം. കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുമെന്നായപ്പോള്‍ ഹൈക്കമാന്‍ഡിന്റെ സഹായത്തോടെ തിരിച്ചെത്തിയ കെ സുധാകരന്‍ രണ്ടും കല്പിച്ചാണ് ചുമതലയേറ്റെടുത്തത്. തനിക്കെതിരെയുള്ള നീക്കങ്ങളെ പ്രതിരോധിക്കുക മാത്രമല്ല, ശക്തമായി തിരിച്ചടിക്കാനുമുള്ള തീരുമാനത്തിലാണ് സുധാകരന്‍.
അതേസമയം, ഏതുവിധേനയും കെ സുധാകരന്റെ സ്ഥാനം തെറിപ്പിക്കുമെന്ന് ഉറപ്പിച്ചാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘം മുന്നോട്ടുപോകുന്നത്. തങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നവരെ സംരക്ഷിക്കാനും, മറുപക്ഷത്തെ നേതാക്കളെ പുറത്താക്കാനുമുള്ള ഉറച്ച തീരുമാനത്തിലാണ് ഇരുവിഭാഗവുമുള്ളത്.
English Summary: KPCC wants a detailed investigation into the reasons for the decline in polling percentage
You may also like this video