Site icon Janayugom Online

പുതുചരിത്രം കുറിച്ച് കെപിപിഎല്‍; പേപ്പർ വ്യവസായരംഗത്തെ മുൻനിര കമ്പനിയാക്കും: മുഖ്യമന്ത്രി

കേന്ദ്രസർക്കാർ വില്പനയ്ക്ക് വച്ച എച്ച്എൻഎല്ലിനെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡെന്ന പേരിൽ (കെപിപിഎൽ) രാജ്യത്തെ പേപ്പർ വ്യവസായരംഗത്തെ മുൻനിര കമ്പനിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളൂരിൽ കെപിപിഎല്ലിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയെ സ്വകാര്യവത്ക്കരിക്കുമെന്ന കേന്ദ്രസർക്കാരിന്റെ നിർബന്ധബുദ്ധിപോലെ, പൊതുമേഖലയെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന സംസ്ഥാന സർക്കാരിനുണ്ടായിരുന്ന നിർബന്ധബുദ്ധിയാണ് കെപിപിഎല്ലിന് പുതുജീവനേകിയതിന് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെ ഈ നിലപാടിന് സംസ്ഥാനത്താകെ അംഗീകാരം ലഭിച്ചു. അടച്ചുപൂട്ടലിന്റെ വക്കിൽ വരെയെത്തിയ കമ്പനി തിരികെ പിടിക്കാൻ സംസ്ഥാന സർക്കാരിനൊപ്പം നാടാകെ കൂടെനിന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാലുഘട്ടങ്ങളിലെ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കുമ്പോൾ 3000 കോടി രൂപയുടെ വിറ്റുവരവും അഞ്ച് ലക്ഷം മെട്രിക് ടണിന്റെ ഉല്പാദനവുമാണ് പ്രതീക്ഷിക്കുന്നത്. ഒന്നാം ഘട്ടത്തിൽ പേപ്പർ മെഷീൻ, ഡീ ഇൻകിങ്ങ് പ്ലാന്റ്, പവർ ബോയ്‌ലർ മറ്റനുബന്ധ യന്ത്രോപകരണങ്ങൾ എന്നിവയുടെ പുനരുദ്ധാരണം 34.30 കോടി രൂപ ചെലവിൽ അഞ്ചു മാസത്തിനകം പൂർത്തീകരിക്കാനായി. ഇതിലൂടെ ആദ്യ റീൽ പേപ്പറിന്റെ ഉല്പാദനം സാധ്യമായി. രണ്ടാംഘട്ടത്തിൽ പൾപിങ്ങ് പ്ലാന്റുകളുടെ പുനരുദ്ധാരണത്തിനായി അനുവദിച്ചിട്ടുള്ള 44.94 കോടി രൂപയ്ക്ക് പുറമെ 75.15 കോടി രൂപയുടെ മൂലധന നിക്ഷേപമുൾപ്പെടെ കെപിപിഎല്ലിന്റെ പ്രവർത്തനം ആരംഭിക്കാനായി. ആദ്യ രണ്ടു ഘട്ടങ്ങളിലായി 154.39 കോടി രൂപയാണ് ചെലവിടുന്നത്. 1000 കോടി രൂപ മുടക്കി 46 മാസം കൊണ്ട് മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളും പൂർത്തീകരിക്കും. 

മെഷീനുകളുടെ സ്വിച്ച് ഓൺ കർമവും കെപിപിഎൽ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി പി രാജീവ് അധ്യക്ഷനായി. മന്ത്രി വി എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ പ്രഭാഷണം നടത്തി. എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ സി കെ ആശ, അഡ്വ. മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Eng­lish Summary:KPPL on New His­to­ry; To make paper indus­try a lead­ing com­pa­ny: CM
You may also like this video

Exit mobile version