കെഎസ്ഇബി ചെയര്‍മാനും സിഐടിയു യൂണിയനുമായി തുടങ്ങിയ വാക്പോരില്‍ പ്രതികരിച്ച് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയും മുന്‍ വൈദ്യുതി മന്ത്രി എം എം മണിയും. കെ എസ് ഇ ബി ചെയര്‍മാനും സിഐടിയു ആഭിമുഖ്യത്തിലുള്ള സമരസമിതിയും തമ്മിലുള്ള പോരാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. ചെയര്‍മാന്‍ ഡോ.ബി.അശോക് അധികാര ദുര്‍വിനിയോഗം നടത്തി കെഎസ്ഇബിക്ക് സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഇടതു യൂണിയനുകള്‍ അനിശ്ചിതകാല പ്രക്ഷോഭം നടത്തുന്നത്. അംഗീകൃത തൊഴിലാളി സംഘടനകളെ അവഗണിച്ച് തീരുമാനമെടുക്കുന്നുവെന്നും ആക്ഷേപമുണ്ട്. ചെയർമാൻ അധികാര ദുര്‍വിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇടതു യൂണിയനുകളാണ് അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫേസ്‌ബുക്ക് പേജിലൂടെ ചെയര്‍മാന്‍ തിരിച്ചടിച്ചതോടെയാണ് വിവാദത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയത്.
അതേസമയം എന്ത് അടിസ്ഥാനത്തിലാണ് ബി അശോക് പ്രസ്താവന നടത്തിയതെന്ന് മുന്‍ വൈദ്യുതി മന്ത്രി എം എം മണി പ്രതികരിച്ചു. അശോകിന്റെ ഈ പ്രസ്താവന നിലവിലെ വൈദ്യുതി മന്ത്രി എം എം മണി അറിഞ്ഞുകൊണ്ടുള്ളതാണോ എന്ന് മന്ത്രി വ്യക്തമാക്കണമെന്നും മണി പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ തന്റെ അറിവോടയല്ല ചെയര്‍മാന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ ചെയര്‍മാനെ വിളിച്ചിരുന്നതായും സംഭവത്തിന്റെ വസ്തുത അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും, അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെഎസ്ഇബി ചെയർമാൻ ബി അശോക് വിഷയത്തില്‍ പ്രതികരിച്ചു. മുൻ സർക്കാരിന്റെ കാലത്തെ അഴിമതിയെ കുറിച്ച് പരാമർശം നടത്തിയിട്ടില്ലെന്നാണ് ബി അശോകിന്‍റെ ന്യായീകരണം. മുൻ മന്ത്രി എംഎം മണിക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടില്ല. ഭൂമി പാട്ടത്തിന് നൽകുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ചാണ് കുറിപ്പിൽ പറഞ്ഞത് എന്നും ബി അശോക് പറഞ്ഞു. താൻ എറ്റവും അധികം ബഹുമാനിക്കുന്ന നേതാവാണ് എം എം മണിയെന്ന് കൂടി അശോക് കൂട്ടിച്ചേർത്തു.
കുറിപ്പിന്റെ പൂർണരൂപം:
കടയ്ക്കു തീ പിടിച്ചിട്ടില്ല; നാട്ടുകാർ ഓടി വരേണ്ടതുമില്ല.
ഒരു ബോർഡ് ജീവനക്കാരന്റെ ഫെസ്ബുക്കിലെ കുറിപ്പിൽ മുൻപു പലപ്പോഴും ചെയ്തിട്ടുള്ളതുപോലെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്നതും ബോർഡ് മാനേജ്മെന്റിനെ ആക്രമിക്കുന്നതുമായ സമീപനം എടുത്തത് തിരുത്തുന്നു. ബോർഡിന്റെ ‘സെൻസിറ്റീവ് & വൾണറബിൾ’ ആയ സാങ്കേതിക സൗകര്യങ്ങൾക്ക് അതാതുകാലത്തെ ആഭ്യന്തര സുരക്ഷാനിർദേശം അനുസരിച്ചാണ് പൊലീസ് സുരക്ഷ ക്രമീകരിച്ചിട്ടുള്ളത്. ഡാമുകൾ, പവർസ്റ്റേഷനുകൾ എന്നിങ്ങനെ വിലപിടിപ്പുള്ള മെഷീനറിയുള്ളതും സബോട്ടാഷ് സാധ്യതയുള്ളതുമായ 30ലധികം കേന്ദ്രങ്ങളിൽ നിലവിൽ തന്നെ 95 അംഗങ്ങളുള്ള അതത് ജില്ലാ ആംഡ് പൊലീസ് സുരക്ഷയുണ്ട്. കുറിപ്പിട്ട വ്യക്തി അംഗമായതുൾപ്പെടെയുള്ള സംഘടനകളുടെ അംഗങ്ങളായ ജീവനക്കാരും തൊഴിലാളികളും (2000ത്തോളം പേർ) ഇവിടങ്ങളിൽ ജോലി ചെയ്യുന്നു. ഒരുതരത്തിലുള്ള ബുദ്ധിമുട്ടും പ്രസ്തുത സ്റ്റേഷനുകളിൽ അവർക്കുണ്ടായതായി റിപ്പോർട്ടില്ല.
സുരക്ഷ കൂടുതൽ ശക്തമാക്കാനുള്ള ശുപാർശകളാണ് സ്റ്റേഷൻ ഹെഡ്ഡുകൾ നൽകാറുള്ളത്. ഇപ്പോഴുണ്ടായ മാറ്റം എന്താ?. 2021 ജനുവരിയിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വ്യവസായ സുരക്ഷയ്ക്ക് പ്രത്യേക സേന സംസ്ഥാനത്ത് രൂപീകരിച്ച പശ്ചാത്തലത്തിൽ ജില്ലാ ആംഡ് സേനയ്ക്കു പകരം സംസ്ഥാന വ്യവസായ സുരക്ഷാസേനയെ (എസ്ഐഎസ്എഫ്) നിയോഗിക്കണം എന്നു രേഖാമൂലം നിർദേശിച്ചു. ഇതിനു മുൻപും 2019ലും 2020ലും കേന്ദ്ര സുരക്ഷാസേന വേണം എന്നായിരുന്നു നിർദേശം. അന്നു കെഎസ്ഇബി പറഞ്ഞൊഴിഞ്ഞത് സംസ്ഥാന സുരക്ഷാ സേനയെ നിയോഗിക്കാം എന്ന് രേഖാമൂലം അറിയിച്ചുകൊണ്ടാണ്. ഘട്ടം ഘട്ടമായി മതി. ആദ്യം വലിയ കേന്ദ്രങ്ങളിൽ, പിന്നെ ചെറിയവ. ഒറ്റയടിയ്ക്കല്ല മാറ്റം. അവർക്ക് വ്യവസായ സുരക്ഷയിൽ പ്രത്യേക പരിശീലനവും റിസർവ് ബാങ്കിലും ഇൻഫോസിസിലും അടക്കമുള്ള ഐടി വ്യവസായത്തിലടക്കം സേവനം നൽകിയുള്ള പരിചയത്തിലുമായിരുന്നു ശുപാർശ.
എസ്ഐഎസ്എഫ് വിന്യാസം മാത്രമല്ല ശുപാർശ. മെറ്റൽ ഡിറ്റക്ടറുകൾ, എക്സ്-റേകൾ ഇത്യാദി സ്ക്രീനിങ് മെച്ചപ്പെടുത്തൽ ഒരുപിടി നിർദേശങ്ങളുണ്ട്. സംസ്ഥാന നയവും 300 കോടിയിൽപരം വിറ്റുവരവുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് എസ്ഐഎസ്എഫ് സുരക്ഷയാണ് നിർബന്ധം എന്നു മനസ്സിലാക്കി കമ്പനി ബോർഡ് പടിപടിയായി നിലവിലെ ജില്ലാ പൊലീസിന്റെ സ്ഥാനത്ത് എസ്ഐഎസ്എഫിനെ നിയോഗിയ്ക്കാൻ നിശ്ചയിച്ചു. അതിനു സംസ്ഥാന ആഭ്യന്തര വകുപ്പിനോട് അപേക്ഷിച്ചു. നിലവിലെ ആളോഹരി ചെലവിൽ തന്നെ അവർ അനുവദിക്കുകയും ചെയ്തു. ഒരു മൊത്തം ചിലവു വർധനയും 95 പേർ നിലവിലുള്ള ഇതിലില്ല. തൽസ്ഥിതി തുടരുന്നു. അത്ര മാത്രം. തൽസ്ഥിതി എന്തിന് ആർക്കെങ്കിലും ഒരു പ്രശ്നമാകണം?.
ഫെബ്രുവരി 5ന് തൊഴിലാളി സംഘടനകളെയും ഓഫിസർ സംഘടനകളെയും ഇക്കാര്യം വിഡിയോ കോൺഫറൻസ് വഴി അറിയിക്കുകയാണുണ്ടായത്. സുരക്ഷ ആദ്യം ക്രമീകരിച്ചതും വിപുലീകരിച്ചതും നിലവിലെ വിന്യാസവും സംഘടനകളുമായി ചർച്ച ചെയ്തു നിശ്ചയിച്ചിട്ടുള്ള ഒരു സംഗതിയല്ല. ദീർഘകാല കരാറിൽ ഒരു ജീവനക്കാരനെയും ബാധിക്കുന്ന വിഷയവും അല്ല. ആയതിനാൽതന്നെ സേനയുടെ മേൽവിലാസം മാറുന്ന വിവരം അറിയിക്കുക എന്നത് ഒരു മര്യാദയായതിനാൽ മാത്രമാണ് അറിയിച്ചത്. അവരുമായി അതു വേണോ എന്ന ഒരു കൂടിയാലോചനയല്ല നടന്നത്. ഇത് കൂടിയാലോചനയായി തെറ്റിദ്ധരിക്കപ്പെട്ടതാവാം. സംഘടനകളിൽ ഏതാണ്ട് എല്ലാവരും എസ്ഐഎസ്എഫ് ജില്ലാ പൊലീസിന്റെ സ്ഥാനത്തു വരുന്നതിനെ സ്വാഗതം ചെയ്തു. ഒരാളും ആകെ മൊത്തം എതിർത്തില്ല. ചെലവ് അധികരിക്കരുത് എന്ന ഒറ്റ നിബന്ധന മാത്രം പലരും സൂചിപ്പിച്ചു. പുതുതായി ഉൾപ്പെട്ട കളമശേരി ലോഡ് ഡെസ്പാച്ച് കേന്ദ്രം, കോർപറേറ്റ് ഓഫീസ് എന്നിവയുടെ കാര്യത്തിൽ ഒന്നുരണ്ടു സംഘടനകൾ സംശയം പ്രകടിപ്പിച്ചു. ഒടുവിൽ കോർപറേറ്റ് ഓഫിസിന്റെ കാര്യത്തിൽ രണ്ടു കൂട്ടർ പ്രകടമായ വിയോജിപ്പ് പ്രകടിപ്പിച്ചാണ് പിരിഞ്ഞത്. ബോർഡിന്റെ അഭിപ്രായം അപ്പോൾതന്നെ വ്യക്തമാക്കുകയും ചെയ്തു.
കോർപറേറ്റ് ഓഫിസിൽ വിലപിടിപ്പുള്ള വലിയ മെഷീനറികൾ ഇല്ല എന്നത് വസ്തുതയാണ്. എന്നാൽ ബോർഡിന്റെ ശൃംഖലയുടെ മുഴുവൻ ‘റിയൽ ടൈം ഡേറ്റ’യും ബോർഡ് ആസ്ഥാനത്തെ വിപുലമായ ഡേറ്റ സെന്റർ കൈകാര്യം ചെയ്യുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് ഉപഭോക്തൃവിവരം ചോർത്തി ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടുന്ന സംഘത്തെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രസ്തുത സംഘത്തിന് സോഫ്റ്റ്‌വെയറിൽനിന്ന് തന്നെ ഉപഭോക്തൃവിവരം ലഭ്യമായി എന്നു പൊലീസിന്റെ സൂചനയുണ്ട്. രാഷ്ട്രപതിയുടെ ഉത്തരവുമായി ചെയർമാനെ പറ്റിക്കാൻ ഒരു ‘കോമൺമാൻ’ പട്ടാപ്പകൽ കടന്നുവന്ന ഓഫിസാണ് പട്ടത്തേത് എന്നോർക്കണം. ആർക്കും എന്തു ദുരുദേശ്യത്തോടേയും എപ്പോഴും എവിടേയും പ്രവേശിക്കാം.
കൂടുതലും ബോർഡിന്റെ ആഭ്യന്തര ഉൽപന്നങ്ങളായ സോഫ്റ്റ്‌വെയറുകളിൽ 20നും വേണ്ടത്ര സുരക്ഷാ മാനദണ്ഡം ഇല്ല. കോഡ് പൊളിച്ച് ദുരുപയോഗം ചെയ്യാം എന്ന സംശയം നിലവിലുണ്ട്. ഏതാണ്ടെല്ലാ കംപ്യൂട്ടറുകൾക്കും ഡേറ്റാ പോർട്ടുകൾ ഉള്ളതുകൊണ്ട് തുറന്നു കിടക്കുന്ന ഓഫിസുകളിൽ നിർബാധം കടന്നുകയറിയാൽ ആർക്കും വിവരം ചോർത്താം. ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ മുഴുവൻ നിർമിതികളുടേയും സിവിൽ‑ഇലക്ട്രിക്കൽ ഡ്രായിംഗുകളുടെയും വിപുലമായ സഞ്ചയമുണ്ട്. വിളിക്കപ്പെടാൻ പോകുന്ന ടെൻഡറുകളുടെ വാണിജ്യ രഹസ്യങ്ങളുണ്ട്. വ്യാവസായിക വാണിജ്യ രഹസ്യങ്ങൾ ഏതു കമ്പനിയും പ്രാഥമിക സുരക്ഷയ്ക്കായി സുരക്ഷിതമായി ചെയ്യേണ്ടതാണ്. കെഎസ്ഇബി വിളിക്കാൻ പോകുന്ന ടെൻഡറിന്റെ വിശദാംശം ഇന്നതാണെന്നും ബന്ധപ്പെട്ട എൻജിനീയർ ഈ ദിവസം തന്നെ അറിയിച്ചെന്നും കരാറുകാരൻ എഴുതിയ രസകരമായ കത്ത് എന്റെ കൈവശം ഉണ്ട്. കമ്പനിയിൽ നിന്നും ടെൻഡർ രഹസ്യം ചോർത്തിക്കിട്ടി എന്ന് കരാറുകാരൻ എംഡിയെ അറിയിക്കുന്നു! രസകരമായിരിക്കുന്നു. കരാറുകാർക്ക് മുഴുവൻ മുന്നേ കാണാൻ കഴിയുന്ന ടെൻഡർ രേഖകൾക്ക് വാണിജ്യ സുരക്ഷയുണ്ട് എന്ന് പറയാൻ എങ്ങനെ കഴിയും?
ബോർഡ് ഓഫിസിൽ എപ്പോഴും ആർക്കും വരാം. നിയന്ത്രിത മേഖലകൾ ഒട്ടുമില്ല. ഡ്രായിംഗുകളും ടെൻഡർ കണക്കുകളും യഥേഷ്ടം വിപണിയിൽ വാങ്ങാം. വാട്സാപ്പായി പല കമ്പനികളിലും പല രേഖയും തത്സമയം എത്തുന്നു. വലിയ റിസ്ക്കാണുള്ളത്. ഈ സ്ഥിതി ഒരു വാണിജ്യ വ്യവസായ സ്ഥാപനത്തിനും പറ്റില്ല.
വിലയുള്ള മെഷീനറി ഉള്ളിടത്തല്ല, ഡാറ്റാ ബാഹുല്യം ഉള്ള കേന്ദ്രങ്ങളിലും ഭൗതിക സുരക്ഷയും സൈബർ സുരക്ഷയും പരമ പ്രധാനമാണ്. ഡേറ്റയാണ് ഇന്നത്തെ സമ്പത്ത്. ബോർഡ് ആസ്ഥാനവും കളമശേരി ലോഡ് സെന്ററുമാണ് ഡേറ്റ ശേഖരത്തിൽ മുന്നിൽ. ഈ കേന്ദ്രങ്ങളിൽ നാമമാത്രമായ സുരക്ഷാ വിമുക്ത ഭടൻമാർക്കും എസ്ഐഎസ്എഫിനും ആകാം എന്നു നിർദേശിച്ചതിൽ വേണ്ടത്ര മുന്നാലോചനയുണ്ട്.
കൃത്യമായി പറഞ്ഞാൽ 2017 ജനുവരി മാസം മുതലുള്ള ആലോചന. അതായത് 6 വർഷം നീണ്ട പ്രക്രിയ. അന്തിമ തീരുമാനം എടുക്കാൻ ഒടുവിലെ ഐബി റിപ്പോർട്ട് വേണ്ടിവന്നു എന്നു മാത്രം. ഒറ്റ അധികം പൊലീസ് സേനാംഗവും ഇതിനാൽ വേണ്ടിവരുന്നില്ല. മിച്ചമുള്ള സ്റ്റേഷനിൽ റദ്ദു ചെയ്താണ് പുതിയയാളെ ചേർക്കുന്നത്. പണമായും ബോർഡിന് ഇതിൽ ചെലവൊന്നും തന്നെ ഇല്ല. ജീവനക്കാരന്റെ കുറിപ്പിലെ കണക്കുകളെല്ലാം തന്നെ ഒരു അടിസ്ഥാനമില്ലാത്തതാണ്.
ഏതു സ്ഥാപനത്തിലും സന്ദർശകർക്കുള്ള പാസ് എടുത്താണ് സന്ദർശന സമയം ലഭിക്കുന്നത്. 24×7 പൊതു സന്ദർശനം ഒരു പൊതു സ്ഥാപനത്തിലും ഇല്ല. റെയിൽവേ–വിമാനത്താളങ്ങളിൽ പോലും പോലും അത് അസാധ്യമാണ്. സെക്രട്ടേറിയറ്റിലുമില്ല. സെക്രട്ടേറിയറ്റിലും പൊതുജനമല്ലേ സന്ദർശകർ? നിലവിലെ വിമുക്ത ഭടന്റെ സ്ഥാനത്ത് സർവീസിലുള്ള ഉദ്യോഗസ്ഥൻ വന്നെന്ന് കരുതി സന്ദർശകർക്കോ ജീവനക്കാർക്കോ തിരിച്ചറിയൽ കാർഡ് / സന്ദർശക പാസ് കൈവശം വയ്ക്കുക എന്നതിലധികം ഒരു പുതിയ ബാധ്യതയും ഉണ്ടാകുന്നില്ല. ട്രേഡ് യൂണിയൻ സ്വതന്ത്ര്യവും നിലവിൽ പൊലീസ് പാറാവുള്ള സ്റ്റേഷനുകളിലെപ്പോലെ അഭംഗുരം തുടരും.
കെഎസ്ഇബിയുടെ കോർ ബിസിനസ് ശക്തമായിത്തന്നെ ബോർഡ് മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. വിതരണ‑പ്രസരണ വിഭാഗങ്ങളിലുൾപ്പെടെയുള്ള പ്രോക്യൂർമെന്റ് ചിട്ടയായി നടന്നു വരുന്നു. ജീവനക്കാരൻ പറയുന്ന ഇ‑വെഹിക്കിൾ വാഹന വിന്യാസം കിലോമീറ്ററിന് 7 രൂപ മതിക്കുന്ന 40 വർഷം പഴകിയ ഡീസൽ വാഹനങ്ങൾ മാറ്റി 1.0–1.5 രൂപയ്ക്ക് ഓടുന്ന ഇലക്ട്രിക് വാഹനം ഉപയോഗിക്കേണ്ട എന്നാണ് അഭിപ്രായമെങ്കിൽ ഒന്നുകൂടി യുക്തിപൂർവം ചിന്തിക്കണം എന്നേ പറയാനുള്ളൂ. ബോർഡ് സ്പോർട്സ് വിഭാഗത്തിൽ വാങ്ങുന്ന ടീ ഷർട്ടോ ഭാവിയിൽ പരിഗണിക്കുന്ന കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യകളോ ഒന്നും ‘കോർ’ അല്ല. ഇവയൊക്കെ നിസാരമായ ചെലവിനങ്ങൾ മാത്രമാണ് എന്നും എല്ലാവർക്കും അറിയാം. ബോർഡിന്റെ ചിലവിലെ 0.001% പോലും വരാത്ത ഇനങ്ങളിലാണ് ജീവനക്കാരന്റെ ശ്രദ്ധയും പരാമർശങ്ങളും.
എന്നാൽ ‘കോർ’ ഇനങ്ങളിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. 100 കോടിക്ക് ബോർഡ് സ്വകാര്യ സ്ഥാപനത്തിൽ പുരപ്പുറ സോളാർ സ്ഥാപിച്ചിരുന്നു. 25 വർഷത്തേക്ക് 10% സ്വകാര്യ സ്ഥാപനത്തിന് വൈദ്യുതി ചാർജിൽ ഇളവും നൽകി. സർക്കാർ സ്ഥാപനത്തിനാണെങ്കിൽ ഇതു മനസിലാക്കാം ഹൈട്ടെൻഷൻകാർ ഇതുവഴി 10% വൈദ്യുതി ചാർജ് കൂടി കുറച്ചപ്പോൾ ദീർഘകാല അടിസ്ഥാനത്തിൽ മുതലും പലിശയും നഷ്ടം. ‘കോർ ബിസിനസ്സിലെ’ നമ്മുടെ വൈദഗ്ധ്യമാണോ ഇത് കാണിക്കുന്നത്? നമ്മൾ പുനരാലോചിക്കണം.
ഒന്നു കൂടി അറിയണം. 33,000 ജീവനക്കാരിൽ 6000 പേർ റഗുലേറ്ററി കമ്മിഷന്റെ അംഗീകാരം നേടാതെ അവരുടെ ചെലവ് റഗുലേറ്ററി അസറ്റിൽ പ്രതിഫലിക്കുന്ന ഒരു കമ്പനിയാണ് ബോർഡ്. ആ ബോർഡിന്റെ കോർ ബിസിനസ്, ഇല്ലാത്ത തസ്തികകൾ ഫുൾബോർഡോ മാനേജിങ് ഡയറക്ടറോ പോലും അറിയാതെ പ്രതിവർഷം 12 കോടി രൂപ ആവർത്തന ചെലവിൽ 90 ഉദ്യോഗസ്ഥരെ വാട്സാപ് സന്ദേശം കോടതിക്കു നൽകി നിയമിക്കുന്നതാണോ?. അത്തരം വാട്സാപ്പുകൾ ഇന്ന് ഗുരുതര അച്ചടക്ക നടപടിയിലെത്തി നിൽക്കുന്നു.
സർക്കാരുമായുള്ള കമ്പനിയുടെ റീ-വെസ്റ്റിങ് കരാറിൽ സ്ഥിര ജീവനക്കാരുടെ സേവന വേതന പരിഷ്കാരം സർക്കാരിന്റെ മുൻകൂർ അനുമതിയോടെ വേണം എന്ന നിബന്ധനയും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശമ്പള പരിഷ്കരണത്തിന് മുൻകൂർ അനുമതി വേണം എന്ന സംസ്ഥാന ധനവകുപ്പ് ഉത്തരവും മറികടന്ന് കമ്പനി ഫുൾബോർഡ് അംഗീകാരം പോലും ഇല്ലാതെ 2021 ഫെബ്രുവരിയിൽ 1200 കോടി ബാധ്യത ഏറ്റെടുത്തതും പൂർണ ഉത്തരവാദിത്വമുള്ള ഒരു സമീപനമാണോ?. അല്ലെന്ന് സിഎജി ഇപ്പോൾ രേഖാമൂലം പറയുന്നു. ബന്ധപ്പെട്ട ഫയലിലെ ഇതിനുള്ള ഉത്തരം 2016 ലും അത്തരം അനുമതി കമ്പനി എടുത്തില്ല എന്നാണ്. 30% ചിലവു വരുന്ന മാനവ വിഭവശേഷി ഊർജത്തിന്റെ ചെലവു കഴിഞ്ഞാൽ കമ്പനി ബിസിനസിൽ ‘കോർ’ ആണല്ലോ? സ്ഥിരമായി സർക്കാർ നിർദേശം കമ്പനിക്ക് മറികടക്കാം എന്നാണോ?. അതായത് നിശ്ചയമായും താരിഫ് ചെയ്യാത്ത നഷ്ടത്തിൽ തന്നെ എഴുതപ്പെടാൻ പോകുന്ന വർധനവിന് വേണ്ട സർക്കാർ അനുമതി സർക്കാരുമായുള്ള ഉടമ്പടിക്കു വിരുദ്ധമായി വേണ്ട എന്ന് നിലപാടാകാമോ?. ഇതാണോ ബോർഡിന്റെ കോർ ബിസിനസ് മെച്ചപ്പെടുത്തൽ?. കുറഞ്ഞത് 1000 കോടിയുടെ അധിക ബാധ്യത വരുന്ന ചെലവിനം വേണ്ട നിയമപരമായ അനുമതിയില്ലാതെ ഏറ്റെടുക്കുക.
ഇനിയും ഉദാഹരണം എത്ര വേണമെങ്കിലും നിരത്താം. ചെറുത് ഒരെണ്ണം. ബോർഡിന്റെ ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ തീരെ അർഹതയില്ലാത്ത ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആയിരക്കണക്കിന് കിലോമീറ്റർ വീട്ടിൽ പോയി ബോർഡ് ലോഗ് ബുക്കിൽ രേഖപ്പെടുത്തി തന്നെ വർഷങ്ങളോളം ഓടിയത്?. ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡ് അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ സ്ഥലം വിട്ടു നൽകാൻ അനുമതി നൽകിയത്? നൂറു കണക്കിന് ഏക്കർ സ്ഥലം ഫുൾബോർഡോ സർക്കാരോ അറിയാതെ ജൂനിയറായ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വാണിജ്യ പാട്ടത്തിന് നൽകിയത്?. കമ്പനിയുടെ ഉത്തമ താൽപര്യമാണോ ഇതൊക്കെ?. ഇതിൽ നമുക്കുറപ്പുണ്ടോ?. എനിക്കത്ര ഉറപ്പു പോരാ!
ചട്ടവിരുദ്ധമായ നിലപാട് ഫയലിൽ എഴുതിച്ചേർത്ത ശേഷം ‘ഒപ്പിടെടാ’ എന്നാക്രോശിക്കപ്പെട്ടപ്പോൾ വാവിട്ട് കരഞ്ഞുകൊണ്ട് സാധുവായ ഒരു ചീഫ് എൻജിനീയർ സ്ഥലം മാറ്റം വാങ്ങി രക്ഷപ്പെട്ടത് നമ്മളോർക്കണ്ടേ?. ഇപ്പോഴും ആ അനുഭവം പറയുമ്പോൾ പോലും ആ സാധു വിങ്ങിപ്പൊട്ടുന്നത്?. നല്ല കോർപറേറ്റ് പ്രാക്ടീസിന്റെ ഉദാഹരണമാണോ ഇതൊക്കെ?. ഇതിൽ എന്താണ് കെഎസ്ഇബിയുടെ ‘കോർ ബിസിനസ്’?. ലിസ്റ്റ് ഇവിടെ തീരുന്നില്ല. ഇത് തീരെ ചെറിയ ഉദാഹരണങ്ങൾ മാത്രം.
ഇത്തരം പ്രവർത്തനത്തിനുള്ള മറയാകാനാവില്ല ഒരിക്കലും ബോർഡിന്. വസ്തുതകൾ എല്ലാവരും മനസിലാക്കുന്നുണ്ട്. ഇക്കഴിഞ്ഞ 8 മാസം ബോർഡ് മുന്നോട്ടാണോ നീങ്ങിയത് എന്ന് നെഞ്ചിൽ കൈവച്ച് ബോർഡ് ജീവനക്കാർ പറയട്ടെ. പ്രകടനത്തിന് പാസ് മാർക്കിനു മീതേ ബോർഡിന് നിഷ്പ്രയാസം കിട്ടും. സങ്കുചിതമായ പക്ഷപാതിത്വം തലയ്ക്കു പിടിച്ചവർക്കൊഴിച്ച് മിക്കവർക്കും അത് ബോധ്യമാവും. എല്ലാ കാലവും എല്ലാവരെയും വിഡ്ഢികളാക്കാനാവില്ല. ഇപ്പോൾ ചുരുക്കം ചില വ്യക്തികൾ ചെയ്യുന്നത് കുളം കലക്കി മീൻ പിടിക്കുക എന്ന പഴയ പരിപാടിയാണ്. അടുത്തു കണ്ട സിനിമയിലെ ‘കടയ്ക്കു തീ പിടിച്ചേ……ഓടി വരണേ….’ എന്നതാണ് ഇതിന്റെ മൗലിക സ്ക്രിപ്റ്റ്. കടയ്ക്ക് ഞാൻ തന്നെ എന്റെ ആവശ്യത്തിന് തീ വച്ചു. ഇനി നാട്ടുകാർ ഓടി വന്ന് തീ അണയ്ക്കൂ എന്നാണ് ആഹ്വാനം.
ഫെയ്സ്ബുക്കിലൂടെ ജീവനക്കാരൻ പറയുന്നതിന് എന്ത് അർഥമാണുള്ളത്?. കണ്ണൂർ മുതൽ കളമശേരി വരെ വ്യവസായ സുരക്ഷാസേനയ്ക്ക് കെഎസ്ഇബിക്കു കാവൽ നൽകാം. അവിടെയൊന്നുമുള്ള ഇതേ യൂണിയൻ അംഗമായ ജീവനക്കാർക്ക് ഒരു പ്രശ്നവുമില്ല. സന്ദർശകർക്കും പ്രയാസമില്ല. കളമശേരിക്കു തെക്കു മാറി വ്യവസായ സുരക്ഷാസേന, പക്ഷേ പറ്റില്ല. ‘പോലീസ് രാജാകും’ അത്. ദുർവ്യയമാവും. അതായത് 95 ൽ 87 പേരുടെ ചെലവ് ഓക്കെ. 8 പേരുടേത് കടുത്ത ദുർവ്യയം. കളമശേരി വരെ എസ്ഐഎസ്എഫ് മികച്ചത്, ഗുണകരം, ആദായം അനന്തപുരിയിൽ കൊള്ളില്ല, പിന്തിരിപ്പൻ, ജീവനവിരുദ്ധം, എന്താ ന്യായം! തിരുവനന്തപുരം, പട്ടം പ്രദേശം ഒരു പരമാധികാര റിപ്പബ്ലിക്ക് ആണെന്നൊക്കെ പറഞ്ഞാൽ?
പറയുന്നവർക്കും വായിക്കുന്നവർക്കും ദഹിക്കുന്നില്ല. പറയുന്നയാൾക്കുപോലും വ്യക്തതയില്ലാത്ത വാദങ്ങൾ.
ചുരുക്കം: താരിഫ് പെറ്റീഷനും ട്രൂയിങ് അപ് പെറ്റീഷനും ഫയൽ ചെയ്ത് ശക്തമായി വാദിക്കേണ്ട സമയത്ത് ചിലർ പതിവുപോലെ ബോർഡിൽ ആകെ കുഴപ്പമാണെന്നും സമരമാണെന്നും കാരണമില്ലാതെ വരുത്തുന്നു. ജീവനക്കാരുടെ സർക്കാരനുമതി കൂടാതെ വികസിപ്പിച്ച വേതനത്തിന് ആനുപാതികമായി താരിഫ് അനുവദിച്ച് ലഭിക്കാനുള്ള സാധ്യത പോലും കുറയ്ക്കുന്നു. നഷ്ടമാവുന്നത് ജീവനക്കാർക്കും തൊഴിലാളികൾക്കും മാത്രം! ട്രൂയിങ് അപ്പിൽ ഇതുവരെ നഷ്ടപ്പെട്ട പോസ്റ്റുകൾ റെഗുലറൈസ് ചെയ്ത് നഷ്ടം കുറക്കാനുള്ള സാഹചര്യവും നിസാര കാരണങ്ങൾ പറഞ്ഞ് ദുർഘടമാക്കുന്നു. അങ്ങനെ ജീവനക്കാരന്റെ പെൻഷനും ഭാവിയിലെ വേതനവും പോലും അപകടപ്പെടുത്തുന്നു. ഇത്തരം തുടർച്ചയായ ‘മിസ് അഡ്വഞ്ചർ’ ആണ് ജീവനക്കാരന്റെ തലവരയെങ്കിൽ ആർക്കതു തടയാനാവും?.
വാൽക്കഷ്ണം: കളമശേരിക്കു തെക്ക് പൊടുന്നനെ ‘പൊലീസ് രാജായി മാറുന്ന’ പൊലീസ് നമ്മുടെ സംസ്ഥാനത്തിന്റേതു തന്നെയല്ലേ? ജീവനക്കാരന്റെ കുറിപ്പ് വായിക്കുമ്പോൾ അങ്ങനെയല്ല തോന്നുന്നത്. എസ്ഐഎസ്എഫ് ഒരു കേന്ദ്ര / വിദേശ സേനയാണോ എന്നുപോലും ചിലർ തെറ്റിദ്ധരിച്ചോ എന്നു സംശയം. തെറ്റിദ്ധാരണകൾ തിരുത്തുക. തെറ്റിദ്ധരിപ്പിക്കുന്നവരെയും തിരുത്താൻ ശ്രമിക്കുക. നമുക്കവരുടെ സൽബുദ്ധിയിൽ ഉറച്ചു വിശ്വസിക്കാം. പതിയെയാണെങ്കിലും കാര്യങ്ങൾ അവർക്കെന്നല്ല ആർക്കും മനസ്സിലാകും..
English Summary: KSEB chairman’s FB post MM Mani and K Krishnankutty responds
You may like this video also