Site iconSite icon Janayugom Online

വൈദ്യുതി ജീവനക്കാര്‍ ഇന്ന് ജോലി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: വൈദ്യുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വൈദ്യുതി ജീവനക്കാര്‍ രാജ്യവ്യാപകമായി ജോലി ബഹിഷ്‌കരിക്കും. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ വൈദ്യുതി നിയമ ഭേദഗതി ബില്‍ 2022 അവതരിപ്പിച്ച് ഈ സമ്മേളനത്തില്‍തന്നെ പാസാക്കാനുള്ള ശ്രമത്തിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുന്ന ഇന്ന് ദേശീയാടിസ്ഥാനത്തില്‍ വൈദ്യുതി മേഖലയിലെ മുഴുവന്‍ തൊഴിലാളികളും ഓഫീസര്‍മാരും ജോലി ബഹിഷ്‌കരിക്കാനാണ് നാഷണല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എന്‍ജിനീയേഴ്‌സ് (എന്‍സിസിഒഇഇഇ) തീരുമാനിച്ചിട്ടുള്ളത്.

നിലവിലുള്ള നിയമത്തിനകത്തുനിന്ന് കേരളം ജനപക്ഷ ബദല്‍ ഉയര്‍ത്തി വൈദ്യുതി ബോര്‍ഡിനെ വിഭജിക്കാതെ ഒറ്റ പൊതുമേഖലാ കമ്പനിയായി മുന്നോട്ട് പോകുന്നു. സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്കും ക്രോസ് സബ്‌സിഡി നിലനിര്‍ത്തി ദുര്‍ബല ജനവിഭാഗങ്ങള്‍ക്കാശ്വാസമേകാനും സംസ്ഥാനത്തിനായി. പുതിയ നിയമഭേദഗതി നടപ്പിലായാല്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

വൈദ്യുതി നിയമഭേദഗതിക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് കേരളത്തിലും കെഇഡബ്ല്യുഎഫ് (എഐടിയുസി) ഉള്‍പ്പെടെയുള്ള സംഘടനകളുടെ സംയുക്ത സമരസമിതി ജോലി ബഹിഷ്‌കരിക്കും. എന്‍സിസിഒഇഇഇയുടെ ആഹ്വാനപ്രകാരം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെ മുഴുവന്‍ വൈദ്യുതി സെക്ഷന്‍ ഓഫീസുകളുടെയും ഡിവിഷന്‍ ഓഫീസുകളുടെയും അടുത്ത കവലകളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കുന്നതുവരെ നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനത്തിനനുസരിച്ച് ശക്തമായ തുടര്‍ പ്രക്ഷോഭം സംഘടിപ്പിക്കും. തുടര്‍ പ്രക്ഷോഭങ്ങളില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും വര്‍ഗബഹുജന സംഘടനകളുടെയും ഉപഭോക്താക്കളുടെയും പിന്തുണയും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് എന്‍സിസിഒഇഇഇ അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry: kseb employ­ees will go on strike today
You may like this video also

Exit mobile version