കെഎസ്ഇബി മാനേജ്‌മെന്റിന്റെ ഏകപക്ഷീയ നടപടികള്‍ക്കെതിരെ എതിരെ സത്യഗ്രഹത്തിന് നേതൃത്വം നൽകിയ കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റിന് സസ്‌പെൻഷൻ. എക്‌സിക്യുട്ടീവ് എൻജിനീയറായ എം ജി സുരേഷ്‌കുമാറിനെയാണ് കെഎസ്‌ഇബി ചെയർമാൻ ബി അശോക് സസ്‌പെൻഡ് ചെയ്‌തത്.
വൈദ്യുതിഭവന് മുന്നിലെ സത്യഗ്രഹവും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസും സുരേഷ് കുമാർ മാധ്യമങ്ങളിലടക്കം നടത്തിയ അഭിപ്രായ പ്രകടനങ്ങളും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധവും അച്ചടക്ക ലംഘനമെന്നും കാട്ടിയാണ് നടപടി.
ചൊവ്വാഴ്‌ചയാണ് കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സത്യഗ്രഹം സംഘടിപ്പിച്ചത്. സത്യഗ്രഹവുമായി സംഘടന മുന്നോട്ടുപോയതോടെ ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നു. അച്ചടക്ക നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തത്. സസ്‌പെൻഷൻ നടപടിയിൽ പ്രതിഷേധിച്ച് വൈദ്യുതി ഭവന് മുന്നിലും മുഴുവൻ സർക്കിളുകളിലും അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു.
കെഎസ്‌ഇബി ചെയർമാന്റെ പ്രതികാര നടപടിയുടെ തുടർച്ചയാണ് എം ജി സുരേഷ് കുമാറിനെതിരെയുള്ള സസ്‌പെൻഷനെന്ന് കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസ്താവനയില്‍ പറഞ്ഞു. വനിത ഉദ്യോഗസ്ഥ ജാസ്‌മിൻ ബാനുവിനെ തെറ്റായ ആരോണങ്ങൾ ഉന്നയിച്ച് സസ്‌പെൻഡ് ചെയ്‌തതിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഘടന പ്രസിഡന്റിനെതിരെ നീതീകരണമില്ലാത്ത നടപടിയെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
അതേ സമയം കെഎസ്‌ഇബി മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്‌ത തിരുവനന്തപുരം ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ ജാസ്‌മിൻ ബാനു ഹൈക്കോടതിയെ സമീപിച്ചു. സസ്‌പെൻഷൻ നിയമവിരുദ്ധമെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നാളെ പരിഗണിക്കും. അനധികൃതമായി അവധിയെടുത്തെന്ന പേരിലാണ് ജാസ്‌മിനെ ദേശീയ പണിടുക്കിന്റെ ഒന്നാം ദിനത്തില്‍ സസ്‌പെൻഡ് ചെയ്‌തത്.
English Summary: KSEB Officers Association suspends state president
You may like this video also